രാമു കാര്യാട്ട് ഓർമയായിട്ട് 43 വർഷം; ശിലയിട്ട് 11 വർഷമായിട്ടും സ്മാരകം ഉയർന്നില്ല
text_fieldsവാടാനപ്പള്ളി: രാമു കാര്യാട്ട് ഓർമയായിട്ട് 43 വർഷം പിന്നിട്ടു. ഓർമക്കായി ജന്മനാടായ ചേറ്റുവയിൽ ഇനിയും സ്മാരകം ഉയർന്നില്ല. മലയാള സിനിമക്ക് ആദ്യത്തെ രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിത്തന്ന മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് സിനിമയായ 'ചെമ്മീൻ' സിനിമയുടെ സംവിധായകനും അനശ്വര കലാകാരനുമായ രാമു കാര്യാട്ടിന് ജന്മനാട്ടിൽ സ്മാരകം നിർമിക്കാൻ കഴിയാതിരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. 17 വർഷം മുമ്പ് ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിന് സമീപം സ്മാരകം നിർമിക്കാൻ സ്ഥലം കണ്ടെത്തി റവന്യൂ വകുപ്പ് ഭൂമി കൈമാറിയിരുന്നു.
20 സെന്റ് സ്ഥലമാണ് ഇതിനായി നൽകിയത്. 2011ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു നാൾ മുമ്പ് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ ശിലയിട്ടെങ്കിലും സ്മാരകം ഉയർന്നില്ല. സർക്കാർ മാറി വന്നിട്ടും അവഗണനയായിരുന്നു. സ്ഥലം ഇപ്പോൾ കാടുകയറി ഇഴജന്തുക്കൾ താവളമാക്കി. സ്മാരകം നിർമിക്കാത്തത് ലോക സിനിമ പ്രവർത്തകനോടുള്ള അവഗണനയാണെന്ന് ഡി.സി.സി നിർവാഹക സമിതി അംഗവും, താലൂക്ക് വികസന സമിതി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ പറഞ്ഞു. അദ്ദേഹത്തിന് ചേറ്റുവ പുഴയോരത്ത് ഉചിതമായ സ്മാരകമൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ സർക്കാർ അനുവദിച്ച സ്ഥലം തീരപരിപാലന നിയമത്തിൽ ഉൾപ്പെടുമെന്നതിനാൽ പുതിയ സ്ഥലം കണ്ടെത്തിയിട്ടും പദ്ധതി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും വിശ്വപ്രശസ്തനായ രാമു കാര്യാട്ടിന് ജന്മനാട്ടിൽ അടിയന്തരമായി സ്മാരകം നിർമിക്കണമെന്നും മിനി തിയറ്റർ, സിനിമയെക്കുറിച്ച് ഗവേഷണം നടത്താനുള്ള ഗ്രന്ഥശാല, സിനിമ സാങ്കേതിക പരിശീലന കേന്ദ്രം എന്നിവ നിർമിക്കണമെന്നും ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.