കടലാക്രമണം: വാടാനപ്പള്ളി തീരവാസികൾ ഭീതിയിൽ
text_fieldsവാടാനപ്പള്ളി: കള്ളക്കടൽ പ്രതിഭാസവും കടലാക്രമണവും തുടരുന്ന വാടാനപ്പള്ളി തീരദേശത്ത് താമസിക്കുന്നവർ ഭീതിയിൽ. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ നിരമാലയിൽ തിരയടിച്ച് നിരവധി വീടുകളാണ് വെള്ളത്തിലായത്.
കടൽ ഭിത്തി തകർത്താണ് പലയിടത്തും വെള്ളം കയറിയത്. ചിലയിടത്ത് കടൽ ഭിത്തി തകർന്ന് താഴ്ന്നു പോയി. ഇവിടങ്ങളിൽ ചെറിയ തിരമാല വന്നാൽ പോലും വെള്ളം കയറുന്ന അവസ്ഥയാണ്. ശക്തമായ തിരമാല അടിച്ചു കയറിയാൽ വീടുകൾ തകരുമെന്ന നിലയിലാണ്. സൗഹൃദ നഗർ, എ.കെ.ജി. നഗർ, സൈനുദ്ദീൻ നഗർ, പൊക്കാഞ്ചേരി ബീച്ച് എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് ഭീതിയിൽ കഴിയുന്നത്. ഇവിടെ സീവാൾ റോഡും ഒലിച്ചു പോയിരുന്നു. നിരവധി തെങ്ങുകൾ കടപുഴകിയിരുന്നു.
24 വർഷത്തിനുള്ളിൽ ഇവിടെ നൂറിലധികം വീടുകളാണ് തകർന്നത്. വാടാനപ്പള്ളി ബീച്ചിലെ പുതിയ സീവാൾ റോഡും ഒലിച്ചു പോയതോടെ ഗതാഗതം സ്തംഭിച്ചു. കടലാക്രമണം തടയാൻ കടൽ ഭിത്തി നിർമിക്കാറുണ്ടെങ്കിലും വരുന്ന വർഷം കടലാക്രമണത്തിൽ തകരാറാണ് പതിവ്. നിർമാണത്തിലെ ക്രമക്കേടാണ് ഭിത്തിവേഗം തകരാൻ കാരണം. ഭിത്തി നിർമാണത്തിന്റെ പേരിൽ ലക്ഷങ്ങളാണ് കടലിൽ കായം കലക്കുന്നത്. അതേസമയം സ്നേഹതീരം ബീച്ചിൽ പാർക്കിന് സുരക്ഷക്കായി നിർമിച്ച കടൽ ഭിത്തിക്ക് ഏറെ വർഷം കഴിഞ്ഞിട്ടും കേട് ഉണ്ടായില്ല. വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം നാശം വിതക്കാറ്.
കടലോരത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ റവന്യൂ വകുപ്പ് പൊക്കാഞ്ചേരി ഖദീജുമ്മ സ്കൂളിന് കിഴക്ക് സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന സ്ഥലം 13 വർഷം മുമ്പ് കണ്ടെടുത്തിരുന്നു. ഫ്ലാറ്റ് നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സ്ഥലത്തെ 150ലധികം തെങ്ങുകൾ വെട്ടിമാറ്റി നിർമിക്കാനുള്ള ശ്രമം ഭൂവുടമ കോടതിയെ സമീപിച്ചതോടെ പാളി. തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തുമെന്ന് അറിയിച്ചെങ്കിലും സ്ഥലം കിട്ടാത്തതിനാൽ നിർമാണം നിലച്ചു. ഇതോടെ തീരദേശവാസികൾ കടലോരത്ത് തന്നെ താമസം തുടർന്നു. പലരും വാടകക്കാണ് താമസിക്കുന്നത്.
ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ് വന്നതോടെ തീരദേശനിവാസികളുടെ നെഞ്ചിൽ തീയ്യാണ്. കടലാക്രമണം തടയാൻ പുലിമുട്ട് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.