വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ബീച്ചുകളിൽ കടലാക്രമണം തുടരുന്നു; മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsവാടാനപ്പള്ളി: വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ തീരദേശമേഖലയിൽ കടലാക്രമണം തുടരുന്നു. തൃത്തല്ലൂർ ബീച്ച്, പൊക്കാഞ്ചേരി, പൊക്കുളങ്ങര ബീച്ച്, ഏത്തായ് ബീച്ച് എന്നിവിടങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. തോരാതെയുള്ള മഴയും കൂടിയായതോടെയാണ് കൂടുതൽ വീടുകൾ വെള്ളത്തിലായത്. സീവാൾ റോഡും ഒലിച്ചുപോയി. കടൽഭിത്തിയും തകർന്നു. കോവിഡും കടലാക്രമണവും മൂലം ജനം ദുരിതത്തിലായി. വാടാനപ്പള്ളി കടലോര മേഖലയിലുള്ളവരെ മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് ഇടപെട്ട് തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കോവിഡ് ഭീതി മൂലം മൂന്നു കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിൽ എത്തിയത്. പഞ്ചായത്ത് മദർ സ്കൂളിൽ കോവിഡ് സെൻററും ആരംഭിച്ചു. കടലാക്രമണം നാശം വിതച്ച ഏങ്ങണ്ടിയൂരിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. സെൻറ് തോമസ് സ്കൂളിലാണ് ക്യാമ്പ് തുറന്നത്. കടലാക്രമണ ദുരിതം നേരിടുന്ന വീടുകളിലെ കോവിഡ് ബാധിതരെ താമസിപ്പിക്കാൻ കോട്ട കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലും ക്യാമ്പ് തുറന്നു. രണ്ട് കുടുംബങ്ങളിലെ കോവിഡ് ബാധിതരാണ് ക്യാമ്പിൽ കഴിയുന്നത്.
വാടാനപ്പള്ളിയിലെ കടലാക്രമണ പ്രദേശം നിയുക്ത എം.എൽ.എ മുരളി പെരുനെല്ലി ശനിയാഴ്ച രാവിലെ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി, വൈസ് പ്രസിഡൻറ് സി.എം. നിസാർ, ബ്ലോക്ക് അംഗം പടുവിങ്ങൽ ഇബ്രാഹീം, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കടൽക്ഷോഭത്തിന് ശമനമില്ല; തീരദേശം വെള്ളക്കെട്ടിൽ
എറിയാട്: തീരമേഖലയിൽ വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം ശനിയാഴ്ചയും ശമനമില്ലാതെ തുടർന്നു. കഴിഞ്ഞദിവസങ്ങളിലേതുപോലെ ശനിയാഴ്ചയും ശക്തമായ കടലേറ്റമുണ്ടായി. രാവിലെയും കനത്ത മഴ തുടർന്നതോടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായി. ഇതോടെ ഇവിടങ്ങളിൽനിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. എറിയാട് കേരള വർമ സ്കൂൾ, അഴീക്കോട് ഗവ. യു.പി സ്കൂൾ, അഴീക്കോട് ജെട്ടിയിലെ ഐ.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കേരള വർമയിലെ ക്യാമ്പിൽ 25ഓളം കുടുംബങ്ങളിൽനിന്നുള്ള 75 പേരെ താമസിപ്പിച്ചു. ഐ.എം.യു.പി സ്കൂളിൽ 24ഉം ഗവ. യു.പി സ്കൂളിൽ ക്വാറൻറീനിലുള്ള16 പേരുമാണുള്ളത്. കോവിഡ് പരിശോധന നടത്തി പോസിറ്റിവായ വരെ മുനക്കൽ ഡി.സി.സിയിലേക്ക് മാറ്റി. 23ാം വാർഡിൽ മരം വീണ് പള്ളിപ്പറമ്പിൽ ജബ്ബാറിെൻറ വീടിന് കേടുപാട് പറ്റി.
എറിയാട് ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ അറപ്പത്തോട് തുറന്നെങ്കിലും ഉച്ചക്ക് വേലിയേറ്റത്തിൽ കൂടുതൽ കടൽവെള്ളം ഇരച്ചുകയറിയതോടെ സ്ഥിതി വീണ്ടും രൂക്ഷമായി. ഇതോടെ പടിഞ്ഞാറൻ മേഖല വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.