വേനലെത്തും മുമ്പേ തീരത്ത് കുടിവെള്ളക്ഷാമം
text_fieldsവാടാനപ്പള്ളി: കടുത്ത വേനലിന് മുമ്പേ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിക്ക് കീഴിലുള്ള വടക്കൻ മേഖലയിലുള്ള പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം പഞ്ചായത്തുകളിലെ പുഴയോര-കടലോര മേഖലയിലാണ് നാട്ടുകാർ കുടിവെള്ളത്തിനായി വലയുന്നത്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം രണ്ടാഴ്ച കൂടുമ്പോഴാണ് ടാപ്പുകളിൽ എത്തുന്നത്. ശേഖരിച്ച് വെക്കുന്ന വെള്ളമെല്ലാം കഴിയുന്നതോടെ പ്രദേശത്തെ കുടുംബങ്ങൾ വലയുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തീരദേശ പഞ്ചായത്തുകളിൽ ക്ഷാമം പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മുന്നോട്ടുവരുന്നില്ല.
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുൾപ്പടെ അത്യാവശ്യങ്ങൾക്ക് ശുദ്ധജലം ലഭ്യമാകാതെ ജനങ്ങൾ വലയുകയാണ്. പലരും കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം ശേഖരിച്ച് കൊണ്ടുവരുന്നത്. പലരും ബന്ധുവീടുകളിൽ അഭയം തേടുകയാണ്. വെള്ളത്തിന് മാസം ബില്ല് അടക്കുന്നുണ്ടെങ്കിലും വീട്ടുകണക്ഷൻ ഉള്ള വീട്ടുകാർ വെള്ളം കിട്ടാതെ രോഷാകുലരാണ്.
ഗുരുതര അവസ്ഥ കണക്കിലെടുത്ത് ശുദ്ധജലവിതരണം കാര്യക്ഷമമാക്കണമെന്നും ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, ജില്ല ഭരണകൂടം, വകുപ്പുമന്ത്രി എന്നിവർ വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
തീരദേശത്തെ ഒമ്പതോളം പഞ്ചായത്തുകൾക്ക് ശുദ്ധജലം നാട്ടിക ഫർക്കാ ശുദ്ധജല പദ്ധതിയെ കാര്യക്ഷമമാക്കി, ആഴ്ചയിൽ ഒരു തവണയെങ്കിലും ജല വിതരണം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും വിഴ്ച വരുത്തുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇർഷാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.