സുമനസ്സുകളുടെ കാരുണ്യം കാത്ത് അപൂർവ രോഗം ബാധിച്ച സഹോദരങ്ങൾ
text_fieldsവാടാനപ്പള്ളി: അപൂർവ രോഗം ബാധിച്ച സഹോദരങ്ങളുടെ ചികിത്സക്ക് പണം കണ്ടെത്താൻ സഹായം തേടുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കലാഞ്ഞിയിൽ താമസിക്കുന്ന കോറോട്ട് ഉണ്ണികൃഷ്ണന്റെയും ഗീതയുടെയും മക്കളായ ഉദീഷ്, അശ്വതി എന്നിവരാണ് ക്രോഹ്ൻസ് ഡിസീസ് എന്ന രോഗം ബാധിച്ച് ദുരിതാവസ്ഥയിൽ കഴിയുന്നത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജൻ ഡോ. സജി സെബാസ്റ്റ്യന്റെ ചികിത്സയിലാണുള്ളത്.
26 വയസ്സുള്ള അശ്വതി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം ബാധിച്ചത്. ഇതോടെ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയായി. 16 വർഷമായി ചികിത്സയിലാണ്. രോഗം ബാധിച്ചപ്പോഴുള്ള വളർച്ചയേ ഇപ്പോഴുള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ രോഗബാധിതയായ അശ്വതിക്ക് മരുന്ന് വാങ്ങാൻ പിതാവും സഹോദരൻ ഉദീഷും ബുദ്ധിമുട്ടുമ്പോഴാണ് ഏതാനും മാസം മുമ്പ് ഉദീഷിനും ഇതേ രോഗം ബാധിച്ചത്. ഈ രോഗം മൂലം കഴിക്കുന്ന ഭക്ഷണം ഉടൻ ഛർദിക്കുന്നതുകൊണ്ട് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കുന്നില്ല. മറ്റു രോഗങ്ങളും വരാൻ സാധ്യതയുമുണ്ട്. ഭക്ഷണം കഴിക്കാൻ പോലും പറ്റാതെ ബുദ്ധിമുട്ടുന്ന ഇവർക്ക് വിലകൂടിയ മരുന്നുകളും കുത്തിവെപ്പുകളുമാണ് നടത്തിവരുന്നത്. തളിക്കുളത്തെ ഗൗരി ഡ്രൈവിങ് സ്കൂളിൽ ജോലി ചെയ്തിരുന്ന ഉദീഷും രോഗബാധിതനായതോടെ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. അശ്വതിയുടെ പല്ലുകളും ദ്രവിച്ച നിലയിലാണ്. ഇരുവരുടെയും ചികിത്സക്ക് ആഴ്ചയിൽ നല്ലൊരു തുക വേണ്ടി വരുന്നുണ്ട്. കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണൻ ഇവർക്ക് തുടർചികിത്സ നൽകാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ സംഘടിച്ച് ചികിത്സസഹായ സമിതിക്ക് രൂപം നൽകി. മുഖ്യ രക്ഷാധികാരിയായി വാർഡ് അംഗം വിനയം പ്രസാദിനെയും ചെയർമാനായി വി.എസ്. സതീഷിനെയും കൺവീനറായി പി.ബി. രഘുനാഥനെയും ട്രഷററായി രാകേന്ദു സുമനനെയും തെരഞ്ഞെടുത്തു. സഹായങ്ങൾ അയക്കാൻ ഉദീഷിന്റെ ഗൂഗിൾ പേ നമ്പർ: 6235320199. ഫെഡറൽ ബാങ്ക് വാടാനപ്പള്ളി ശാഖയിലെ അക്കൗണ്ട് നമ്പർ: 12710100308659. ഐ.എഫ്.എസ്.സി: FDRL0001271. ഫോൺ: 9400700203.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.