നൂറാമത്തെ കണ്ണും ദാനം ചെയ്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവക
text_fieldsവാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്‌സ് ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രവർത്തകരുടെ സമ്പൂർണ നേത്രദാനം നാട് ഒന്നടങ്കം ഏറ്റെടുത്തു. അന്ധരായ 100 പേർക്ക് കാഴ്ചയുടെ പുതുവെളിച്ചം പകർന്നാണ് ഇവർ നാടിന് മാതൃകയായത്. നൂറാമത്തെ ദാനമായി നടുവിൽക്കര ഹരിജൻ സെറ്റിൽമെന്റ് കോളനിയിൽ കഴിഞ്ഞ ദിവസം മരിച്ച തിരിയാടത്ത് സീതയുടെ കണ്ണുകൾ നൽകി. നന്ദി സൂചകമായി ഈ സമയം ദേവാലയ പള്ളിമണികൾ മുഴങ്ങി.
2017 മുതൽ സൊസൈറ്റി നേത്രദാന രംഗത്തുണ്ട്. 2022 സെപ്റ്റംബർ 25നാണ് സമ്പൂർണ നേത്രദാന ഇടവകയായി മാറിയത്. സ്കൂൾ പാഠ്യപദ്ധതിയിൽ നേത്രദാനത്തെക്കുറിച്ചുള്ള വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്നത് ഓരോ പൗരന്റെയും നിയമപരമായ ഉത്തരവാദിത്തമാക്കി മാറ്റണമെന്നും ഐ ബാങ്ക് ഓഫ് കേരള വളന്റിയറും സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ വാടാനപ്പള്ളിയുടെ നേത്രദാന സമിതി കൺവീനറുമായ അഡ്വ. പി.എഫ്. ജോയ് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ 30 ലക്ഷത്തോളം ആളുകൾ നേത്രപടല തകരാർ മൂലം അന്ധരായിട്ടുണ്ട്. എന്നാൽ, ഒരു വർഷം ലഭിക്കുന്ന നേത്രപടലം 50,000ൽ താഴെയാണ്. ഇതിന് കാരണം നേത്രദാനത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നും അഡ്വ. പി.എഫ്. ജോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.