തളിക്കുളം നമ്പിക്കടവ് ബീച്ചിൽ തെരുവുനായ് നാല് കുട്ടികളെയും വളർത്തുനായ്ക്കളെയും കടിച്ചു
text_fieldsവാടാനപ്പള്ളി: തളിക്കുളത്ത് തെരുവുനായ് നാല് കുട്ടികളെയും ആറ് വളർത്തുനായ്ക്കളെയും കടിച്ചു പരിക്കേൽപിച്ചു. നമ്പിക്കടവിൽ അരവുശ്ശേരി അൻസാറിന്റെ മകൻ മുഹമ്മദ് അമീൻ (ഏഴ്), വലിയകത്ത് സാബിറയുടെ മകൻ ഹംദാൻ, പൂരാടൻ ജയപ്രകാശന്റെ മകൾ തീർത്ഥ, മുണ്ടൻ വീട്ടിൽ ചന്ദ്രകുമാറിന്റെ മകൾ അമൃത എന്നിവരെയാണ് കടിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.35ഓടെ മദ്റസയിലേക്ക് സൈക്കിളിൽ പോയിരുന്ന മുഹമ്മദ് അമീനെ തെരുവുനായ് ചാടി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് രക്ഷിക്കാനായി സമീപത്തെ വീട്ടിലെ അമൃതയും മാതാവും ഓടിവന്നതോടെ അമൃതയെയും കടിച്ചു. മദ്റസയിലേക്ക് നടന്നുപോയിരുന്ന ഹംദാനെയും തെരുവുനായ് ആക്രമിച്ചു. നാലുപേർക്കും കാലിലാണ് കടിയേറ്റത്. കൈക്കും തോളിലും പരിക്കുണ്ട്. സമീപത്തെ ആറ് വളർത്തുനായ്ക്കളെയും പത്തോളം മറ്റ് തെരുവുനായ്ക്കളെയും കടിച്ചു പരിക്കേൽപിച്ചു.
നായ്ക്ക് പേയിളകിയതായി സൂചനയുണ്ട്. അക്രമിയായ തെരുവുനായെ പിന്നീട് കടലോരത്ത് ചത്ത നിലയിൽ കണ്ടെത്തി. കടിയേറ്റ നാലുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പെടുത്തു. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം എ.എം. മെഹബൂബ് സ്ഥലത്തെത്തി.
വരന്തരപ്പിള്ളിയിൽ തെരുവുനായ് ശല്യം രൂക്ഷം
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വഴിയാത്രക്കാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ് അലഞ്ഞുതിരിയുന്ന നായ്ക്കള്‍.
ഒരുവര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ക്ക് ഒന്നരലക്ഷമാണ് പഞ്ചായത്തിന് നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഇരുന്നൂറിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഒന്നര വര്‍ഷം മുമ്പാണ് കണക്കെടുപ്പ് നടന്നത്. ചെറു റോഡുകളിലും തിരക്കേറിയ വരന്തരപ്പിള്ളി സെന്‍ററിലും നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. വിദ്യാര്‍ഥികളും ഇരുചക്രവാഹന യാത്രികരും ആക്രമണം ഭയന്ന് ഓടിവീണ് പരിക്കേല്‍ക്കുന്നതും പതിവാണ്. അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ആക്രമണം ഇല്ലാതാക്കാന്‍ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.