വാടാനപ്പള്ളി ബീച്ചിലെ കളിക്കളവും കവാടവും വേദിയും നോക്കുകുത്തി
text_fieldsവാടാനപ്പള്ളി: ബീച്ചിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കളിക്കളവും വേദിയും കവാടവും ഹൈമാസ്റ്റ് വിളക്കും നോക്കുകുത്തി. ഇവിടേക്കുള്ള സീവാൾ റോഡ് കടലാക്രമണത്തിൽ ഒലിച്ചുപോയിട്ടും പുനർനിർമിക്കാൻ നടപടിയില്ല. ടൂറിസം വികസനം ലക്ഷ്യമിട്ടാണ് വർഷങ്ങൾക്കുമുമ്പ് ബീച്ച് മൈതാനത്ത് വേദിയും മറ്റും നിർമിച്ചത്.
മുമ്പ് ബീച്ച് ഫെസ്റ്റിവെൽ നടന്ന സ്ഥലമാണിത്. നവീകരിച്ചതോടെ ബീച്ചിലേക്ക് സന്ദർശകരുടെ വരവ് വർധിച്ചു. എന്നാൽ, രണ്ടാമത്തെ സീവാൾ റോഡും കടലാക്രമണത്തിൽ തകർന്നതോടെ ഗതാഗതം അടഞ്ഞു. ഇതോടെ സന്ദർശകർ വരാതായി. ഹൈമാസ്റ്റ് വിളക്ക് തുരുമ്പെടുത്ത് നശിച്ചു.
വിശ്രമ കേന്ദ്രം, കടലോരം വഴി കളിത്തീവണ്ടി, ഭോജനശാല, വൈദ്യുത അലങ്കാരം തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. ബീച്ചും കളിസ്ഥലവും ഹൈമാസ്റ്റ് വിളക്കും റോഡും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഭാസിക്ക് നിവേദനം നൽകി.
പ്രസിഡന്‍റ് അഷ്‌റഫ് അബൂബക്കർ, ഫിഷറീസ് യൂനിറ്റ് പ്രസിഡന്‍റ് ബഷീർ പുളിക്കൽ, സെക്രട്ടറി ബദറുദ്ദീൻ, മണലൂർ മണ്ഡലം ജോയന്‍റ് സെക്രട്ടറി ഷെരീഫ ഹുസൈൻ, മണ്ഡലം എക്സിക്യൂട്ടിവ് അംഗം പി.എം. യാസിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.