വന്യമിത്ര സംയോജിത പദ്ധതി; തൃശൂർ ജില്ലയില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കാന്‍ തീരുമാനം
text_fieldsതൃശൂർ: വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ -വന്യജീവി സംഘര്‍ഷം എന്നിവ കുറക്കാൻ ആവിഷ്‌കരിച്ച വന്യമിത്ര സംയോജിത പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കും.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്യമൃഗ ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പദ്ധതിയുടെ നിര്‍വഹണ ഓഫിസറായി ചാലക്കുടി ഡി.എഫ്.ഒയെ ചുമതലപ്പെടുത്തി. പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീരുമാനിച്ച് നവംബര്‍ ഒന്നിനകം പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കണം.
മുന്‍ഗണന പ്രദേശങ്ങള്‍ തീരുമാനിക്കാന്‍ ഈ ആഴ്ച തന്നെ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേരും. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ബയോ ഫെന്‍സിങ് ഉള്‍പ്പെടെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ കലക്ടര്‍ നിർദേശിച്ചു.
തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി പതിമുഖം വച്ചു പിടിപ്പിക്കൽ, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ജൈവമാര്‍ഗങ്ങളും അവലംബിക്കും. പാണഞ്ചേരി പഞ്ചായത്തിലാണ് പതിമുഖം വെച്ചു പിടിപ്പിക്കുക. വരന്തരപ്പിള്ളി പഞ്ചായത്തില്‍ പതിമുഖം വച്ചുപിടിപ്പിക്കുന്നതിനൊപ്പം തേനീച്ച വളര്‍ത്തലും നടപ്പാക്കും.
വന്യമൃഗശല്യം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതിക്കായി ഫണ്ട് നീക്കിവയ്ക്കാത്തവര്‍ അതിനുള്ള നടപടി സ്വീകരിക്കാന്‍ യോഗം നിർദേശിച്ചു. പദ്ധതിക്കായി കൂടുതല്‍ ഫണ്ട് നീക്കി വെക്കുന്നത് ജില്ല പഞ്ചായത്ത് പരിഗണിക്കുമെന്ന് പി.കെ. ഡേവിസ് മാസ്റ്റര്‍ അറിയിച്ചു.
ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. മായ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പദ്മജ, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ സംബുദ്ധ മജുംദാര്‍, സി.വി. രാജന്‍, ആര്‍. ലക്ഷ്മി, ജില്ല പ്ലാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകന്‍, വിവിധ ബ്ലോക്കുകളിലെ ബി.ഡി.ഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.