വാസുദേവൻ 92 വയസ്സ്; ചോരാത്ത ആവേശത്തിന് ബിഗ് സല്യൂട്ട്
text_fieldsചെറുതുരുത്തി: പ്രതാപം വീട്ടിൽ നിറഞ്ഞുനിൽക്കുമ്പോഴും നാടിനെ സംരക്ഷിക്കാനായി ഇറങ്ങിയ ഒരു 92കാരനുണ്ട് പൈങ്കുളത്ത്.
തെൻറ കൗമാരകാലത്ത് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും നാടിനുവേണ്ടി പേരാട്ടത്തിന് ഇറങ്ങിയ പൈക്കുളം സ്കൂളിന് സമീപം താമസിക്കുന്ന കുന്നത്തേതിൽ വീട്ടിൽ വാസുദേവൻ എഴുത്തച്ഛെൻറ കഥ ആരെയും ആവേശം കൊള്ളിക്കും.
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ വാസുദേവന് വയസ്സ് 18 വയസ്സ്. മാതാപിതാക്കളുടെ ഏക ആൺ തരിയായ വാസുദേവന് കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യസമരപ്പോരാളികളോട് വലിയ ആരാധനയായിരുന്നു.
15ാം വയസ്സിൽ നിരവധി സമരക്കാരെ കാണുകയും അവരോടൊപ്പം ചേരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാട്ടിലെ അറിയപ്പെടുന്ന ഒരു ജന്മി കുടുംബത്തിലെ കുട്ടി ഈ പ്രസ്ഥാനത്തിലേക്ക് വരാൻ ആരും സമ്മതിച്ചില്ല.
ഒടുവിൽ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചു. അങ്ങനെ 1952 ജനുവരി 15ന് പാടത്ത് കൊയ്തിട്ട കൃഷി നോക്കാനെന്ന് പറഞ്ഞ് വാസുദേവൻ രാത്രിയിൽ വീട്ടിൽനിന്ന് ഇറങ്ങി. എന്നാൽ, ലക്ഷ്യം 16ന് ഒറ്റപ്പാലത്ത് നടക്കുന്ന പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെൻറായിരുന്നു.
രാത്രി ഭാരതപ്പുഴ നീന്തി മാന്തന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററോളം നടന്നു. ഒടുവിൽ പട്ടാളത്തിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. ആദ്യമാസത്തെ ശമ്പളമായ 19 രൂപ വീട്ടിലേക്ക് മണി ഒാർഡറായി വന്നപ്പോഴാണ് മകൻ ജീവിച്ചിരിപ്പുള്ള കാര്യം വീട്ടുകാർക്ക് മനസ്സിലായത്.
പിന്നെ നാടിനുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. രണ്ടുകൊല്ലത്തിനുശേഷം വീട്ടിലെത്തിയപ്പോൾ ആദ്യം കുറെ എതിർത്തെങ്കിലും പീന്നിട് അച്ഛനും അമ്മയും മകെൻറ ഇഷ്ടത്തോടൊപ്പം കൂടി. 1962 ഇന്ത്യ ചൈന യുദ്ധത്തിലും1965ലെ പാക്ക്-ഇന്ത്യ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.
29ാം വയസ്സിലാണ് മുള്ളൂർക്കര സ്വദേശി ദേവകിയെ കല്യാണം കഴിക്കുന്നത്. ഇവർക്ക് നാല് മക്കളുണ്ട്. 17 കൊല്ലത്തെ സർവിസ് കഴിഞ്ഞുപോരുമ്പോൾ മാസശമ്പളം 150 രൂപയായിരുന്നു. പെൻഷനായി കിട്ടിയിരുന്നത് 50 രുപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.