വരുമാനം നിലച്ചു: മണ്ണിലിറങ്ങിയ കുടുംബത്തിന് കൂർക്ക കൃഷിയിൽ നൂറുമേനി
text_fieldsപെരുമ്പിലാവ്: കോവിഡ് വന്നതോടെ പന്തൽ ലൈറ്റ് സൗണ്ട് മേഖല നിലച്ച സാഹചര്യത്തിൽ വരുമാനമാർഗം തേടി ഒന്നര ഏക്കർ തരിശുഭൂമിയിൽ വെള്ള കൂർക്ക കൃഷി നടത്തി നൂറുമേനി വിളവെടുക്കുകയാണ് ഒരു കുടുംബം. മൂന്ന് ദശകത്തിലധികമായി ലക്ഷങ്ങൾ മുടക്കി ആധുനിക ഡിജിറ്റൽ ഉപകരണങ്ങളൊരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഉൾപ്പെടെ പന്തൽപണി മേഖലയാണ് കോവിഡ് വ്യാപനത്തിൽ പൂർണമായും ലോക്കായത്. വരുമാന മാർഗം നഷ്ടമായതോടെയാണ് അവുങ്ങാട്ടിൽ അഷറഫ്, കൃഷിയിൽ പങ്കാളിയായ അക്ബർ എന്നിവർ ചേർന്ന് മണ്ണിൽ പൊന്നുവിളയിക്കാൻ ചമയം കൂട്ടായ്മ എന്നപേരിൽ കുടുംബസമേതം കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.
ചാലിശ്ശേരി 10ാം വാർഡിൽ രണ്ടര ഏക്കർ സ്ഥലം തരിശുഭൂമി പാട്ടത്തിനെടുത്താണ് കഴിഞ്ഞ ജൂണിൽ സമ്മിശ്ര കൃഷിയിറക്കിയത്. ജില്ലയിലെ അത്താണി, തിരൂർ, പീച്ചി എന്നിവിടങ്ങളിൽനിന്നാണ് കൂർക്കയുടെ വള്ളിത്തലപ്പ് കൊണ്ടുവന്നത്. കൂർക്ക കൃഷിക്കു പുറമെ ഒരേക്കറിൽ കപ്പ, മധുരക്കിഴങ്ങ്, പച്ചമുളക്ക്, വഴുതന, നേന്ത്രക്കായ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ആദ്യസംരംഭത്തിന് ലാഭം പ്രതീക്ഷിക്കുന്നില്ല. ഇതിനകം രണ്ട് ലക്ഷം രൂപയാണ് കൃഷിക്കായി ചെലവഴിച്ചിട്ടുള്ളത്.
ഏകദേശം 2000 കിലോ കൂർക്ക ലഭിച്ചാൽ മാത്രമേ കൃഷിയിൽനിന്ന് ചെറിയവരുമാനം ലഭിക്കൂവെന്ന് അഷറഫ് പറയുന്നു. കുടുംബത്തിലെ പത്തോളം പേർ ചേർന്നാണ് മണ്ണിൽനിന്ന് കൂർക്ക വേർതിരിക്കുന്നത്.
ഒരാഴ്ചക്കകം ഒന്നര ഏക്കറിലെ വിളവെടുപ്പ് പൂർത്തിയാക്കും. ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡൻറ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസർ ചിന്നു ജോസഫ്, അസി. കൃഷി ഓഫിസർ സി.പി. മനോജ്, ഹയർ ഗുഡ്സ് സംസ്ഥാന ട്രഷറർ പി. ഷംസുദ്ദീൻ പൂക്കോട്ടൂർ, പഞ്ചായത്ത് അംഗം സജിത സുനിൽ, താഹിർ ഇസ്മായിൽ, ഇ.വി. മാമ്മു, ബഷീർ പെരുമ്പിലാവ്, എ.എം. അഷറഫ്, അക്ബർ പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.