വാഹന പൊളിക്കൽ ഭേദഗതി പ്രാബല്യത്തിൽ; സർക്കാർ വകുപ്പുകൾ പ്രതിസന്ധിയിൽ
text_fieldsതൃശൂർ: കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് സർക്കാർ വകുപ്പുകൾ പ്രതിസന്ധിയിൽ. 2506 സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷനാണ് ഏപ്രിൽ ഒന്നോടെ ഇല്ലാതായത്.
കേന്ദ്രസർക്കാറിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സർക്കാർ വകുപ്പുകൾക്ക് കീഴിൽ 884 വാഹനങ്ങളും കെ.എസ്.ആർ.ടി.സിക്ക് കീഴിൽ 1622 വാഹനങ്ങളുമാണ് പൊളിക്കാനായി തിരഞ്ഞെടുത്തത്.
ഫെബ്രുവരി 28ന് മുമ്പ് പൊളിക്കണമെന്ന് ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിരുന്നെങ്കിലും കേന്ദ്രമാനദണ്ഡ പ്രകാരമുള്ള പൊളിക്കല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ നടന്നില്ല. കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന ആരോഗ്യവകുപ്പ്, ജല അതോറ്റിറ്റി, ജലസേചനം ഉൾപ്പെടെയുള്ള വകുപ്പുകൾക്കാണ് തീരുമാനം കനത്ത തിരിച്ചടിയാവുന്നത്. പലയിടത്തും ഇനിമുതൽ വാഹനം ഉപയോഗിക്കാനാവില്ല.
പൊളിക്കൽ തീരുമാനം വരാത്തതിനാൽ ആരോഗ്യകേന്ദ്രങ്ങളിലെ പല വാഹനങ്ങളും ഇപ്പോഴും ഓടുന്നുണ്ട്. സർക്കാർ വകുപ്പുകളിലെ വാഹന വിവരങ്ങളടങ്ങിയ വീൽസ് പോർട്ടലിലെ കണക്കനുസരിച്ച് ആരോഗ്യവകുപ്പിലെ 1287 വാഹനങ്ങളിൽ നല്ല ശതമാനവും പത്ത് വർഷത്തിലേറെ പഴക്കമുള്ളവയാണ്. കാർഷിക സർവകലാശാലയിൽ ട്രാക്ടറുകൾ ഉൾപ്പെടെ കാലാവധി കഴിഞ്ഞ് കിടപ്പാണ്.
15 വർഷം കഴിഞ്ഞ വാഹനങ്ങളെക്കുറിച്ച വിവരങ്ങൾ വകുപ്പുകൾ പോർട്ടൽ മുഖേന ധനവകുപ്പിനെ അറിയിച്ചിരുന്നു. വാഹനങ്ങളിലെ പുക മലിനീകരണം കുറക്കാൻ ലക്ഷ്യമിട്ട കേന്ദ്ര പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്തിന് 150 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇത് ലഭിക്കണമെങ്കിൽ വാഹനം പൊളിച്ചതിന്റെ സാക്ഷ്യപത്രം നല്‍കണം. ഇത്തരം കേന്ദ്രങ്ങൾ കൂടുതലുള്ളത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹകരണമേഖലയുടെ സഹായം തേടിയെങ്കിലും അന്തിമരൂപമായിട്ടില്ല. ഒരുവർഷത്തിനുള്ളിൽ പൊളിക്കുന്ന വാഹനങ്ങൾക്ക് കുടിശ്ശികയുണ്ടെങ്കിൽ എഴുതിത്തള്ളുമെന്നും പ്രഖ്യാപിച്ചിരുന്നു.
കെ.എസ്.ആര്.ടി.സി ബസുകൾ പൊളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പഴയ ബസുകള്‍ പൊളിച്ച് വില്ക്കുന്നതിനേക്കാള് ലാഭകരം ഷോപ്പുകളാക്കി മാറ്റുന്നതാണ്. നിലവിലെ പ്രതിസന്ധിയിൽ ബസുകൾ വാങ്ങുന്നത് പ്രായോഗികമല്ലാതെ വന്നതോടെ വിലക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.
കൂടുതൽ വാഹനങ്ങളുള്ള പൊലീസ്, തദ്ദേശഭരണം തുടങ്ങിയ പല വകുപ്പുകളിലും 2013 മോഡൽ വാഹനങ്ങളാണ് അധികവും. അതിനാൽ പുതുനിയമം കാര്യമായി ഈ വകുപ്പുകളെ ബാധിക്കില്ലെന്ന വിലയിരുത്തലാണ്.
നിലവിലെ സംസ്ഥാന സർക്കാർ നയം അനുസരിച്ച് ഒരു കാർ പഴയ വാഹനമാകാൻ ഒന്നുകിൽ മൂന്ന് ലക്ഷം കിലോമീറ്റർ ഓടണം അല്ലെങ്കിൽ 10 വർഷത്തെ പഴക്കം വേണം. ഹെവി ഡ്യൂട്ടി വാഹനമാണെങ്കിൽ നാല് ലക്ഷം കിലോമീറ്റർ ഓടുകയോ 15 വർഷം പഴക്കമാവുകയോ വേണം. ഇതാണ് പുതുനിയമത്തോടെ മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.