വെള്ളൂർ പ്രോജക്ട് കുന്ന് കോളനിയിൽ മണ്ണിടിച്ചിൽ
text_fieldsമാള: വെള്ളൂർ പ്രോജക്ട് കുന്ന് കോളനിയിൽ മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് സംഭവം. സമീപത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പുത്തൻചിറ വാർഡ് പത്ത് വെള്ളൂരിൽ ഉയർന്ന പ്രദേശത്തുള്ള മൂന്ന് സെന്റ് കോളനിയിൽ പത്ത് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. വീടിന് സമീപത്തെ മണ്ണിടിഞ്ഞാണ് ഇവർ അപകടാവസ്ഥയിലായത്. വീടുകൾക്ക് സമീപം 50 മീറ്ററോളം താഴ്ത്തി മണ്ണെടുത്ത് കിടങ്ങായ സ്ഥലമാണിത്. നിരവധി പട്ടികജാതി കുടുംബങ്ങളാണ് ഇവിടെയുള്ളത്.
പത്തോളം വീടുകളുടെ പിറകുവശത്ത് നൂറ് അടിയോളം താഴ്ചയിൽ കിടങ്ങാണ്. നേരത്തേ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അധികൃതരെത്തി പുനരധിവാസം വാഗ്ദാനം ചെയ്തതായി ഇവർ പറയുന്നു. റോഡിനുസമീപം കൈവരികൾ സ്ഥാപിക്കൽ മാത്രമാണ് നടന്നത്. ജിയോളജി ഉദ്യോഗസ്ഥൻമാർ ഇവിടെ പരിശോധന നടത്തിയിരുന്നു. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും സ്ഥലത്ത് എത്താൻ വൈകിയതായും നാട്ടുകാർ പറയുന്നു.
വീട്ടുകാരുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം വീട് ഒഴിഞ്ഞു പോകാൻ നേരത്തേ ഒരു വീടിന് നിശ്ചിത സംഖ്യ അധികൃതർ വാഗ്ദാനം ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ഒരു വീട്ടുകാരൻ മാത്രമാണ് ഒഴിയാൻ തയാറായത്. മറ്റുള്ളവർ ഒഴിയാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല. ലഭ്യമാക്കുന്ന തുക ഉപയോഗിച്ച് മറ്റൊരു ഭൂമി വാങ്ങുക, വീട് നിർമിക്കുക എന്നത് സാധ്യമല്ലെന്നാണ് ഇവരുടെ വാദം.
അതേസമയം, അടിയന്തരമായി ഇവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇത് വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2017-18 വർഷത്തിൽ ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി കോളനിയിലേക്കുള്ള റോഡ് കെട്ടിപ്പടുത്തിരുന്നു.
മനോഹരമായി നിർമിച്ച ഈ പടവുകൾ ഇപ്പോൾ പൂപ്പൽ ബാധിച്ച് അപകട ഭീഷണിയിലാണ്. യഥാസമയം സംരക്ഷിക്കപ്പെടാതെ പോയതാണ് വിനയായത്. റോഡിന് പകരം താഴെ ഇടിഞ്ഞുപോകാത്ത വിധത്തിൽ കെട്ടി സംരക്ഷിച്ചിരുന്നെങ്കിൽ സുരക്ഷഭീഷണി നേരിടേണ്ടി വരില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.