വേണം വിജയഗാനം, ആരും അറിയണ്ട; എങ്ങാനും തോറ്റാലോ....
text_fieldsതൃശൂർ: റെക്കോർഡ് മിക്സിങ് സ്ഥാപനങ്ങളിൽ തിരക്കേറുകയാണ്. പക്ഷേ വന്നുപോയ കാര്യം ആരും അറിയരുതെന്ന ആമുഖത്തോടെയാണ് സ്ഥാനാർഥികളും കൂട്ടരും രഹസ്യമായി ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നത്. വേണ്ടത് വിജയഗാനമാണ്. വിജയം ആഘോഷിക്കാൻ അടിപൊളി ഗാനത്തിെൻറ പാരഡിയാണ് ആവശ്യം. സ്ഥാനാർഥിയുടെയും പാർട്ടിയുടെയും മുന്നണിയുടെയും പോരിശയായിരിക്കണം പാട്ടിലുണ്ടാവേണ്ടത്. ചെയ്യാവുന്ന കാര്യങ്ങളും വിളിച്ചുകൂവണം.
എന്നാൽ എതിരാളിയെ വ്യക്തിപരമായി അവഹേളിക്കൽ ഒരിക്കലും പാടില്ല. അനുകൂല കാര്യങ്ങൾ പറയുന്നതിെനാപ്പം എതിരാളികളുടെ ന്യൂനതകൾ ആവാം. മാപ്പിളപ്പാട്ടുകൾക്കാണ് ആദ്യ പരിഗണന. കലാഭവൻ മണിയുടെ പാട്ടുകൾക്കും ആവശ്യക്കാരുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ മനമറിയുന്നോള്, ഹണി ബീ ടുവിലെ ജില്ലം ജില്ലാല, കട്ടപ്പനയിലെ ഋത്വിക് റോഷനിലെ മിന്നാമിന്നിക്കും അടക്കം സിനിമ ഗാനങ്ങൾക്കും പാരഡി ആവശ്യപ്പെട്ടിട്ടുണ്ട്. 'അപ്പോഴും പറഞ്ഞില്ലേ' എന്ന് തുടങ്ങുന്ന ഗാനം എതിരാളികൾക്ക് എതിരായ പ്രയോഗവുമാണ്.
ആവശ്യങ്ങൾ ഇതെല്ലാം ആണെങ്കിലും ഇപ്പോ വന്നത് ആരും അറിയരുത്. വിജയിച്ചാൽ മാത്രമേ സീഡി തരേണ്ടതുള്ളൂ. ഇല്ലേൽ വേണ്ട. പണം പക്ഷേ തരും. എന്നാൽ തോറ്റാൽ വന്ന കാര്യം ആരും അറിയരുത്. പാർട്ടിയി ൽ തന്നെ അധികപേരും ഇത് അറിഞ്ഞിട്ടില്ല. വിജയിച്ചുകഴിഞ്ഞാൽ സീഡിയുമായി വിശ്വസ്തൻ എത്തും. ഇതോടെ വിജയാഘോഷ തിമിർപ്പ് നേരത്തെ ആരും അറിയാതെ ഒരുക്കിയ ഗാനങ്ങളുടെ അകമ്പടിയിൽ ആയിരിക്കും. വീടുകളിൽ ഹോം തിയറ്റർ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തു കൊടുക്കുന്നവർക്കാണ് കൂടുതൽ തിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.