വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് വിഡിയോ സന്ദേശം; ആളെ കണ്ടെത്തി രക്ഷിച്ച് പൊലീസ്
text_fieldsതൃശൂർ: വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച് വിഡിയോ ചിത്രീകരിച്ച യുവാവിനെ അരിച്ചുപെറുക്കി കണ്ടെത്തി രക്ഷിച്ച് പൊലീസ്. തൃശൂർ നഗരത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കൺട്രോൾ റൂമിലേക്ക് മദ്യത്തിൽ വിഷം കലർത്തി കുടിക്കുന്ന യുവാവിന്റെ വിഡിയോ ദൃശ്യം ലഭിച്ചത്.
സ്ഥലം എവിടെയാണെന്നോ ആരാണെന്നോ വ്യക്തമാവാത്ത വിധത്തിലുള്ളതായിരുന്നു ദൃശ്യം. വിഡിയോ ദൃശ്യങ്ങളിലെ ചുമരിന്റെ നിറം, പരിസരം എന്നിവയെ അടിസ്ഥാനമാക്കി പൊലീസ് തിരച്ചിൽ തുടങ്ങി. സ്ഥലം പോസ്റ്റ് ഓഫിസ് റോഡിലാണെന്ന് വ്യക്തമായി. റൂം പശ്ചാത്തലം നോക്കിയതോടെ ലോഡ്ജ് ആണെന്ന സൂചനകളും ലഭിച്ചു.
വൈകാതെ പൊലീസ് സ്ഥലം കണ്ടെത്തി. റൂമിൽ കയറിയതോടെ അവശ നിലയിലായ യുവാവിനെ കണ്ടെത്തി. ഉടൻ ആംബുലൻസിൽ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജില്ല ആശുപത്രി അധികൃതർ പൊലീസിന് നിർദേശം നൽകി.
അടിയന്തര ചികിത്സക്കുശേഷം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരുടെ മറുപടി വന്നപ്പോൾ പൊലീസിനും ആശ്വാസം. ഇതിനിടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് പോകാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.
മദ്യപാനശീലമുണ്ടെന്നും ഇതേതുടർന്ന് ഭാര്യയെ അവരുടെ വീട്ടുകാർ വന്ന് കൊണ്ടുപോയെന്നും വിഷമം സഹിക്കാനാവാതെയാണ് വിഷം കഴിച്ച് മരിക്കാനൊരുങ്ങിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. മദ്യപാനത്തിന്റെയും ലഹരിയുപയോഗത്തിന്റെയും ദൂഷ്യങ്ങളും അപകടങ്ങളുമെല്ലാം വിശദീകരിച്ച്, എല്ലാം ശരിയാവുമെന്ന് ആശ്വസിപ്പിച്ചാണ് പൊലീസ് മടങ്ങിയത്. പെരിങ്ങോട്ടുകര സ്വദേശിയായ യുവാവ് ആംബുലൻസ് ഡ്രൈവറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.