തൃശൂർ പബ്ലിക് ലൈബ്രറിക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsതൃശൂർ: തൃശൂർ പബ്ലിക് ലൈബ്രറിക്കെതിരെ വിജിലൻസ് അന്വേഷണം. ലൈബ്രറിയുടെ ഭൂമി വിൽപ്പനക്കും കെട്ടിട നിർമാണത്തിനും അനുമതി തേടാതെ വിവിധ പ്രവൃത്തികൾ നടത്തിയതും സംബന്ധിച്ച് ലൈബ്രറി അംഗം തന്നെ നൽകിയ ഹരജിയിലാണ് തൃശൂർ വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
2013-15 കാലത്തെ പ്രവൃത്തികൾ സംബന്ധിച്ചാണ് പരാതിയിലെ ആരോപണം. ലൈബ്രറിയുടെ 26 സെന്റ് ഭൂമി ഇടപാടിലും പുതിയ കെട്ടിട നിർമാണത്തിലും ചട്ടപ്രകാരം പൊതുയോഗം വിളിക്കാതെയുള്ള പ്രവൃത്തികളിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിലുള്ളത്. നിലവിൽ പൊതുമരാമത്തിന്റെ അധീനതയിലുള്ള ടൗൺഹാളിലാണ് പബ്ലിക് ലൈബ്രറി പ്രവർത്തിക്കുന്നത്.
സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചായിരുന്നു പുതിയ സ്ഥലം സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2001ൽ ടൗൺ ഹാളിനോട് ചേർന്നുള്ള 26 സെന്റ് അനുവദിച്ചു. എന്നാൽ ഈ സ്ഥലം സർക്കാറിന് തിരിച്ചു നൽകി രാമനിലയം കോമ്പൗണ്ടിൽ കെ.എസ്.എഫ്.ഇയോട് ചേർന്നുള്ള പുതിയ 21 സെൻറ് സ്ഥലം ഏറ്റെടുത്തു.
ഇതിൽ 1.49 കോടിയാണ് പുതിയ കെട്ടിട നിർമാണത്തിന് ആദ്യം കണക്കാക്കിയതെങ്കിലും മൂന്ന് കോടിയെങ്കിലും വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പിന്നീട് നൽകിയ റിപ്പോർട്ട്.
ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും മതിയായ അനുമതികളില്ലെന്നുമുള്ള ഹരജിക്കാരന്‍റെ വാദത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് ത്വരിതാന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. പബ്ലിക് ലൈബ്രറിയാണെങ്കിലും ലൈബ്രറി കൗൺസിൽ നിബന്ധനകൾ പാലിക്കാതെയുള്ള ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് കോടതി കയറിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.