വിഷ്ണു വീടണഞ്ഞു; ഓർമകളുടെ നടുക്കവുമായി
text_fieldsതൃശൂർ: റഷ്യൻ പോർവിമാനത്തിൽ നിന്നുള്ള ബോംബ് വർഷം. കെട്ടിടങ്ങൾക്ക് മുകളിൽ അക്ഷരാർഥത്തിൽ അവ തീ തുപ്പുകയായിരുന്നു. പോളണ്ട് അതിർത്തിയിലേക്ക് പോകാൻ യുക്രെയ്നിലെ ബോക്സാന റെയിൽവേ സ്റ്റേഷനിൽ പെട്ടുപോയ ഓർമയിൽ നിന്ന് വടക്കാഞ്ചേരി മച്ചാട് കരുമത്ര സ്വദേശി വിഷ്ണു പ്രസാദ് ഇപ്പോഴും മോചിതനല്ല.
200 മീറ്റർ അകലെ വരെ എത്തിയ റഷ്യൻ വിമാനത്തിന്‍റെ ബോംബ് വർഷം ഇപ്പോഴും ഇടിത്തീയായുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആക്രമണം നടത്താതെ റഷ്യൻ വിമാനം തിരിച്ച് പോയപ്പോഴാണ് പ്രാണരക്ഷാർഥം ഓടിയ താൻ അടക്കമുള്ളവർക്ക് ശ്വാസം നേരെ വീണത്. ഒരു വർഷം മുമ്പാണ് ഹോട്ടൽ മാനേജ്‌മെന്‍റ് പഠനത്തിന് ഒപ്പം ജോലിയുമായാണ് വിഷ്ണു യുക്രയ്നിൽ എത്തിയത്.
45 കിലോമീറ്ററുകൾ താണ്ടി പോളണ്ട് അതിർത്തിയിലെത്തിയതിന് പിന്നാലെ യുക്രെയ്ൻ പട്ടാളക്കാരുടെ മർദനം. അതിർത്തിയിൽ എത്തി അഞ്ച് ദിവസത്തിന് ശഷമാണ് പോളണ്ടിലേക്ക് കടക്കാനായത്. യുക്രെയ്ൻ സ്വദേശികളെ മാത്രമാണ് അവർ അതിർത്തി കടത്തിയിരുന്നത്. ഇതിനെതിരെ വിദേശികൾ രംഗത്ത് വന്നപ്പോൾ ആകാശത്തേക്ക് വെടിവച്ചും വാഹനങ്ങൾ ജനക്കൂട്ടത്തിന് നേരെ അതിവേഗത്തിൽ ഓടിച്ചും ഭീതി വിതച്ചു. താൻ അടക്കം പലരെയും അവർ മർദിച്ചു. ബസ് യാത്രക്കിടെ യുക്രെയ്ൻ തിരിച്ചറിയൽ കാർഡ്, മറ്റ് രേഖകൾ, 20,000ത്തോളം രൂപ എന്നിവ അടങ്ങുന്ന പഴ്‌സ് പോക്കറ്റടിക്കപ്പെട്ടു.
എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. യാത്രകളും ഭക്ഷണവുമെല്ലാം സൗജന്യമായത് ആശ്വാസമായി. യുദ്ധം പൊട്ടിപുറപ്പെടുന്നതിന് എതാനും ദിവസം മുമ്പ് പോളണ്ട് വിസക്കായി വിഷ്ണു പാസ്‌പോർട്ട് പോളണ്ട് എംബസിക്ക് നൽകിയതിനാൽ കൈയിൽ പാസ്പോർട്ടും ഉണ്ടായിരുന്നില്ല. എന്നാൽ ഉടൻ തന്നെ ഇന്ത്യൻ എംബസി താത്ക്കാലിക പാസ്‌പോർട്ട് അനുവദിച്ച് മടക്കയാത്രക്കുള്ള സൗകര്യം ഒരുക്കി.
ശനിയാഴ് ച രാവിലെ 11ഓടെയാണ് വിഷ്ണു ഡൽഹിയിൽ എത്തിയത്. അവിടെ നിന്ന് ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് നെടുമ്പാശേരിയിലേക്കുള്ള വിമാനം കിട്ടിയത്. അതുവരെ കേരളഹൗസിൽ. രാത്രി പത്തരയോടെ വീടണഞ്ഞു. വീട്ടുകാരോടൊന്നും തന്റെ യാതനകൾ വിഷ്ണു അറിയിച്ചിരുന്നില്ല. ഓട്ടോ ഡ്രൈവറായ കരുമത്ര തടത്തിൽ മോഹനന്‍റെയും അനിതയുടെയും മകനാണ് വിഷ്ണു.
അഞ്ജനയും അഞ്ജലിയും നാടണഞ്ഞു
ചാവക്കാട്: യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളിൽ ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ചെവിടൻ കുലവൻ മണികണ്ഠന്റെ മക്കളായ അഞ്ജനയും അഞ്ജലിയും നാടണഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ് ഇരട്ടകളായ ഇവർ. 800ഓളം മലയാളി വിദ്യാർഥികളാണ് ഇവർ പഠിക്കുന്ന സർവകലാശാലയിലുള്ളത്.
തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരുമെത്തിയത്. ഇവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താക്കലി, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, കോൺഗ്രസ് നേതാക്കളായ സി. മുസ്താഖലി, നളിനാക്ഷൻ ഇരട്ടപുഴ, രതീഷ് ഇരട്ടപ്പുഴ, കെ.ജി. വിജീഷ്, കെ. അഷ്റഫ്, പി.എ. സലീം എന്നിവര്‍ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.