മതിലകത്ത് വീണ്ടും വോളിബാൾ ആരവം
text_fieldsമതിലകം: വോളിബാളിന്റെ ഈറ്റില്ലം എന്ന വിശേഷണമുള്ള മതിലകത്തിന്റെ മണ്ണിൽ വീണ്ടുമൊരു കളിയാരവത്തിന് വേദിയൊരുങ്ങുന്നു. വോളിബാൾ മാമാങ്കത്തിന് ശനിയാഴ്ച രാവിലെ ആരവം ഉയരും. 25 ഓളം പുരുഷ, വനിത ടീമുകൾ മാറ്റുരക്കുന്ന ജില്ല സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനാണ് ശനി, ഞായർ ദിവസങ്ങളിൽ മതിലകം ആതിഥേയത്വം വഹിക്കുന്നത്. പഞ്ചായത്ത് ഗ്രൗണ്ടിനോട് ചേർന്ന് സജ്ജമാക്കിയ ഒ.എ. മുഹമ്മദ് സ്മാരക ഫ്ലഡ് ലൈറ്റ് കോർട്ടിലാണ് രാപകൽ പോരാട്ടം.
ശനിയാഴ്ച രാവിലെ ഒമ്പതിന് ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻകാല വോളി താരങ്ങളെ ചടങ്ങിൽ ആദരിക്കും. ജില്ല വോളിബാൾ അസോസിയേഷൻ ടെക്നിക്കൽ വിഭാഗത്തിന്റെയും മതിലകത്തെ സുഭാഷ്, ന്യൂ വോളിക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഷാജു ലൂയീസ്, കെ.വൈ. അസീസ്, കെ.എ. നിസാർ, ഇ.എസ്. നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം.
കൈപന്ത് കളിയുടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ ആവോളം അടയാളപ്പെടുത്തിയ ദേശമാണ് വോളിബാൾ കമ്പക്കാരുടെ നാടായ മതിലകം. തീരദേശത്തെ ആദ്യ അഖിലേന്ത്യ വോളിബാൾ ടൂർണമെൻറിന് വേദിയായത് മതിലകമാണ്. വൈ.എം.സി ആതിഥേയത്വം വഹിച്ച മേളയിൽ ഇന്ത്യയിലെ വമ്പൻ ടീമുകളും ബൽബന്ത് സിങ്, നിപ്പി തുടങ്ങിയ ഇന്ത്യൻ ഇന്റർനാഷനൽ താരങ്ങളും തീർത്ത ഇടിമുഴക്കൻ സ്മാഷുകളുടെയും കളിയാവേശത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളുണ്ട്.
മതിലകം സുഭാഷ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു ഒടുവിൽ നടന്ന അഖിലേന്ത്യ വോളിബാൾ മേള. അഖില കേരള ടൂർണമെന്റ് ഉൾപ്പെടെ മറ്റ് അനേകം മത്സരങ്ങളും പിന്നിട്ട കാലയളവിൽ മതിലകത്ത് അരങ്ങേറി. കളി കോർട്ടുകളും വ്യാപകമായിരുന്നു. മികച്ച കളിക്കാരും പരിശീലകരും സംഘാടകരും ഉയർന്നു വന്നു.
ഇന്ത്യൻ താരം ഭുവന ദാസ്, നേവി ജോർജ്ജ്, എം.എ. യൂസഫ് മാസ്റ്റർ, ഒ.ടി. ദാവീദ്, സാബിൻ സെബാസ്റ്റ്യൻ, പ്രദീപ്, മജു, വി.വൈ. നവാസ്, കെ.എ. സഗീർ, യു.എ. അബ്ദുൽ കാദർ, ഒ.എ. അസീസ്, ലെനിൻ മാസ്റ്റർ ഉൾപ്പെടെ ഒട്ടേറെ പേർ മതിലകത്തിന്റെ വോളിബാൾ പെരുമയുടെ ഭാഗമാണ്. വൈ.എം.സി, പ്രഭാത്, ബ്ളൂസ്റ്റാർ, മതിലകം വോളിക്ലബ്, സുഭാഷ്, ന്യൂ വോളിക്ലബ്, സീമ ക്ലബ് തുടങ്ങിയവയും മതിലകത്തിന്റെ വോളിബാൾ ചരിത്രത്തോട് ചേർന്നുനിൽക്കുന്നു.
കാലക്രമേണ വോളിബാൾ കോർട്ടുകൾ വിരളമായി, കളിക്കാരും കുറഞ്ഞു. ഇതിനിടയിലാണ് വോളി പ്രേമികൾക്ക് ദൃശ്യവിരുന്നാകുന്ന ജില്ല ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.