വ്യാപാരി വ്യവസായി ഏകോപന സമിതി; ജില്ല ഘടകത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന്
text_fieldsതൃശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സാമ്പത്തിക തിരിമറി നടത്തുന്നതായി ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആരോപണം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബാനറില്‍ ജില്ല നേതാക്കള്‍ വ്യാപാരികളില്‍നിന്ന് വന്‍തുക പിരിച്ചെടുത്ത് സ്വന്തം പേരില്‍ കമ്പനികള്‍ ഉണ്ടാക്കുന്നുവെന്ന് അസോസിയേഷന് ആരോപിച്ചു. ജില്ല നേതാക്കളുടെ ഈ നടപടികള്‍ക്കെതിരെ തൃശൂര്‍ ഫസ്റ്റ് അഡീഷനല്‍ മുന്‍സിഫ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചതായും അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരില്‍ ജില്ലയിലെ അംഗങ്ങളായ 30,000ത്തോളം വ്യാപാരികളില്‍നിന്ന് പിരിച്ചെടുത്ത 12 കോടി രൂപ ജില്ല നേതാക്കള്‍ ബെനവലന്റ് സൊസൈറ്റി എന്ന സ്ഥാപനമുണ്ടാക്കി അതിലേക്ക് മാറ്റി. തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് ജില്ല നേതാക്കള്‍ അവരുടെ സ്വന്തം പേരില്‍ റിസോര്‍ട്ടും സ്വകാര്യകമ്പനിയും ആരംഭിച്ചു.
കൂടാതെ കമ്പനിയുടെ പേരിലും സ്വന്തംപേരിലും ഭൂമിയും കെട്ടിടങ്ങളും വാങ്ങിച്ചുവെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിക്കുന്നു. ബെനവലന്റ് സൊസൈറ്റിയുടെ ഭദ്രം കുടുംബസുരക്ഷ പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നതായും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
ഒരു വ്യാപാരി മരിച്ചാല്‍ അംഗങ്ങളായ 30,000 പേരില്‍നിന്ന് 100 രൂപ വീതം പിരിച്ച് ആകെ 30 ലക്ഷം രൂപ സമാഹരിക്കും. ഇതില്‍നിന്ന് മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കിയശേഷം ശേഷിക്കുന്ന 20 ലക്ഷം രൂപ ജില്ല നേതാക്കള്‍ സ്വന്തം പേരിലുള്ള കമ്പനിയിലേക്ക് മാറ്റുകയാണെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിക്കുന്നു.
വാര്‍ത്ത സമ്മേളനത്തില്‍ ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.എന്‍. മുരളി, വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി റഹ്മാന് തിരുനെല്ലൂര്‍, ട്രഷറര്‍ കെ. രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.