ഒരു ഡോക്ടറുടെ ജീവിതാനുഭവക്കുറിപ്പുകൾ
text_fieldsഇന്ന് വായനദിനം
വടക്കാഞ്ചേരി: ആതുരശുശ്രൂഷരംഗത്ത് നിറസാന്നിധ്യമായ ഡോ. പി. സജീവ് കുമാർ സാഹിത്യരംഗത്തും സ്വന്തമായ ഇടംകണ്ടെത്തുന്നു. തൃശൂർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡി.ടി.സി.ഡിയും പാസായ ഇദ്ദേഹം കേരള ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്റാണ്. ചികിത്സരംഗത്തിനു പുറമെ സാഹിത്യത്തിലും സാംസ്കാരികരംഗത്തും സജീവമാണ്.
ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ, ചികിത്സമുറി കടന്ന് ജീവിതവഴികളിലേക്ക്, അറിയാം എന്താണ് ആരോഗ്യമെന്ന് (വൈജ്ഞാനികം), ഉള്ളിലേക്ക് വലിഞ്ഞ നാക്ക്, ജാതിക്കൊയ്ത്ത്, ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത്, ചോർന്നൊലിക്കുന്ന കുട (കവിതസമാഹാരങ്ങൾ), എല്ലാം കാണുന്ന ചുവരുകൾ, അജ്ഞാത ദ്വീപുകൾ (നോവലുകൾ), കോപ്പൻ ഹേഗണും മഹാഗണി മരങ്ങളും (കഥാസമാഹാരം), ഐ.സി.യു-ടി. വാൾസ് വിറ്റ്നസ് ഇറ്റ് ആൾ (നോവൽ) എന്നിവയാണ് പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ.
പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം, എസ്.കെ. പൊറ്റേക്കാട്ട് പുരസ്കാരം, ഐ.എം.എ ലിറ്റററി അവാർഡ്, കെ.ജി.ഒ.എ സംസ്ഥാന സാഹിത്യ പുരസ്കാരം, ഗുരുദേവൻ അവാർഡ്, ജനകീയസംഘം കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
'പ്രളയം' കവിത ആൽബവും വിദ്യാധരൻ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച 'വിഷുശ്രുതി' ആൽബവും ജനം ഏറെ സ്വീകരിച്ചവയാണ്. കഥകൾ ഹ്രസ്വചിത്രങ്ങളായിട്ടുണ്ട്. വിവിധ സാഹിത്യ-സാംസ്കാരിക കൂട്ടായ്മകളിൽ സജീവമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ അഡീഷനൽ പ്രഫസർ ഡോ. രാധികയാണ് ഭാര്യ. നന്ദകിഷോർ, സൂര്യ പ്രതാപ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.