വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റിന് നേരെ ആക്രമണം
text_fieldsവടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വൈദ്യുതി വകുപ്പ് ഓവർസിയർ ക്രൂരമായി മർദിച്ചതായി ആരോപണം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവും തെക്കുംകര കുളത്താഴം സ്വദേശിയുമായ ചേനാട്ടുമറ്റത്തിൽ സുനിൽകുമാറിനെ (54) പരിക്കേറ്റ നിലയിൽ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മച്ചാട് ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ കുളത്താഴം പരിസരത്തുവെച്ച് ചേറൂർ സ്വദേശിയായ വൈദ്യുതി വകുപ്പ് ഓവർസിയറാണ് ആക്രമിച്ചതെന്ന് സുനിൽകുമാർ പറയുന്നു.
കല്ല് കൊണ്ട് ഇടിച്ചു താഴെ വീഴ്ത്തിയ ശേഷവും മർദനം തുടർന്നതായും അറിയിച്ചു. ഓടിക്കൂടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് സുനിലിനെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റീബിൽഡ് കേരള പദ്ധതി വഴി നവീകരിക്കുന്ന കുറാഞ്ചേരി കുളത്താഴം റോഡിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നവീകരണം പുരോഗമിക്കുകയാണ്.
ആക്രമണം നടത്തിയ ഓവർസിയറുടെ സ്ഥലത്തോട് ചേർന്ന സ്ഥലവും അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സുനിൽകുമാർ പൊലീസിന് മൊഴി നൽകി.
സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയൻ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ എന്നിവർ ആശുപത്രിയിലെത്തി ആക്രമണത്തെ അപലപിച്ചു.
പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വടക്കാഞ്ചേരി ഏരിയ കമ്മിറ്റി, തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി എന്നിവ ആവശ്യപ്പെട്ടു. അതേസമയം സുനിൽകുമാറും സംഘവും മർദിച്ചെന്നാരോപിച്ച് ഓവർസിയർ സോണി ടി. ജോൺ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്ട്സ് പ്രവർത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.