അക്ഷരലോകത്ത് പുതുവെളിച്ചമായി ഗായത്രി
text_fieldsവടക്കാഞ്ചേരി: അക്ഷരലോകത്ത് പുതുതലമുറക്ക് വെളിച്ചമായി ഒമ്പതാം ക്ലാസുകാരി ഗായത്രി. ബാലസാഹിത്യത്തിൽ രണ്ട് പുസ്തകങ്ങൾ രചിച്ച ഗായത്രി നാലാം ക്ലാസുമുതൽ സ്കൂൾ മാഗസിനുകളിൽ കഥകളെഴുതി തുടങ്ങി. സാഹിത്യരചനയെ ഗൗരവമായി എടുത്തത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ ലോക് ഡൗൺ കാലത്ത് കൂട്ടുകാരുമായി ഇടപെടാൻ പറ്റാതിരുന്നപ്പോഴാണ്.
കേരളവർമ പൊതുവായന ശാല ബാലവേദി പ്രസിഡൻറായിരുന്നപ്പോൾ ബാലവേദി കൂട്ടുകാരുടെ മീഡിയ ഗ്രൂപ്പിൽ ഒാരോ ദിവസവും കഥകൾ എഴുതി കൂട്ടുകാർക്ക് വായിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിൽനിന്ന് തിരഞ്ഞെടുത്ത ഇരുപത് കഥകൾ ഉൾപ്പെടുത്തിയാണ് ആദ്യപുസ്തകം ‘ഗായുവിന്റെ കഥ വീട്’പുലരി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്.
കുട്ടികാലം മുതൽ വായന ദിനചര്യയാക്കിയ ഗായത്രി വായന തുടങ്ങിയാൽ ആ പുസ്തകം മുഴുവനായി വായിച്ചു തീർക്കുന്ന സ്വഭാവക്കാരിയാണ്. വീട്ടിൽ പുസ്തകശേഖരമുണ്ട്. പരന്നവായനയാണ് രചന വൈഭവത്തിനു കരുത്തായതെന്ന് ഗായത്രി പറയുന്നു. വടക്കാഞ്ചേരി പ്രണവത്തിൽ ട്രഷറി ഉദ്യോഗസ്ഥൻ ഗോപകുമാറിന്റെയും അനിതയുടേയും മകളും അത്താണി ജെ.എം.ജെ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്.
ആദ്യ കഥാ സമാഹാരമായ ‘ഗായുവിന്റെ കഥ വീടിന്’ ബാലസാഹിത്യ അക്കാദമി അവാർഡും പുലരി ചിൽഡ്രൻസ് വേൾഡ് അവാർഡും ലഭിച്ചിരുന്നു. ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലയിൽ കഥകളി സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡും കാവ്യകേളി, ലളിതഗാനം എന്നിവയിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.