തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഏഴംഗ സംഘം അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ.
പുതുരുത്തി പൂങ്ങാട്ടിൽ മഹേഷ് (21), പനങ്ങാട്ടുകര കോണിപറമ്പിൽ സുമേഷ് (27), പൂമല വട്ടോലിക്കൽ സനൽ (20), കോട്ടയം കഞ്ഞിക്കുഴി പുതുപറമ്പിൽ ശരത്ത് (22), പൂമല വലിയ വിരിപ്പിൽ റിനു സണ്ണി (27), പുതുരുത്തി പുലിക്കുന്നത്ത് മഞ്ജുനാഥ് (22), കല്ലമ്പാറ കല്ലിൻകുന്നത്ത് രാഗേഷ് (സുന്ദരൻ-33) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജുവിനെയാണ് (32) പ്രതികൾ തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മാരുതി എർട്ടിഗ കാർ പണയംവെച്ച് ആര്യമ്പാടം സ്വദേശി മഹേഷ് മുഖേന ആര്യമ്പാടം സ്വദേശിയായ മഞ്ജുനാഥിൽനിന്ന് 1,10,000 രൂപ വാങ്ങിയിരുന്നു.
പണം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതാണ് സംഭവത്തിനു പിറകിലെന്നാണ് പൊലീസിന്റെ നിഗമനം. മഹേഷ്, രാഗേഷ് മുഖാന്തരം സുമേഷുമായി ഗൂഢാലോചന നടത്തുകയും സുമേഷും സംഘവും ക്വട്ടേഷൻ എടുത്ത് മുള്ളൂർക്കര കണ്ണമ്പാറയിൽനിന്ന് ശ്രീജുവിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് പരാതി.
മോതിരം, പഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർച്ച ചെയ്തശേഷം വട്ടായി പ്രദേശത്തെ കാട്ടിലും എറണാകുളത്ത് വിവിധ സ്ഥലങ്ങളിലും തടങ്കലിൽവെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രതികൾ മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയും വിഡിയോ കാൾ ചെയ്തും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് രണ്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ കൊലപാതക ശ്രമം, ലഹരിമരുന്ന് കേസ് ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ കേസുണ്ട്. ശ്രീജു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എച്ച്.ഒ മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഇൻസ്പെക്ടർ കെ. മാധവൻകുട്ടി, എസ്.ഐമാരായ എ.എ. തങ്കച്ചൻ, കെ.ആർ. വിനു, എ.എസ്.ഐമാരായ അബ്ദുസ്സലീം, എം.എക്സ്. വില്യംസ്, സീനിയർ സി.പി.ഒ അജിത് കുമാർ, സി.പി.ഒമാരായ പ്രദീപ്, ഗോകുലൻ, പ്രവീൺ, സജിത്ത്, കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എസ്.ഐമാരായ ദീപു, സുരേഷ്, സുധീർ, മഹേഷ്, സി.പി.ഒമാരായ അജിലേഷ്, ഇഗ്നേഷ്യസ്, റിനു, അനിൽ, നൗഷാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.