'ഓർമ'യിലെത്തിയ കെ.പി.എ.സി ലളിതക്ക് ഓർക്കാനാവാതെ മടക്കം
text_fieldsവടക്കാഞ്ചേരി: എങ്കക്കാട് 'ഓർമ' വീട്ടിൽ ശാരീരിക അവശതകളിൽ തുടർന്നിരുന്ന നടി കെ.പി.എ.സി ലളിത മകൻ സിദ്ധാർഥിന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. ആഴ്ചകൾക്കു മുമ്പ് ആശുപത്രിയിൽനിന്ന് 'ഓർമ'യിൽ വീണ്ടുമെത്തിയപ്പോൾ ലളിതയുടെ മുഖത്ത് സ്വന്തം വീട്ടിലെത്തിയതിന്റെ ആഹ്ലാദമായിരുന്നു. കരൾമാറ്റൽ ശസ്ത്രക്രിയ ചികിത്സച്ചെലവ് സർക്കാർ വഹിക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് അവർ എറണാകുളം മെഡിസിറ്റിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടയിൽ കരൾ വാഗ്ദാനം ചെയ്തു വരെ കലാകാരന്മാരെത്തി.
എങ്കക്കാട് സംവിധായകൻ ഭരതന്റെ പാലിശ്ശേരി തറവാട്ടുപറമ്പിൽ ഭാര്യയായ കെ.പി.എ.സി ലളിത നിർമിച്ചതാണ് 'ഓർമ'. 2006 ജനുവരി 19നായിരുന്നു ഗൃഹപ്രവേശം. മൗനത്തെ പോലും സാർഥകമാക്കുന്ന ഓർമകളുടെ തീരത്തേക്ക് അവസാനം മടങ്ങാൻ താൽപര്യം കാണിച്ചതും അവരാണ്. രണ്ടു മാസം മുമ്പ് ഇവിടെ തിരിച്ചെത്തുമ്പോൾ കാര്യങ്ങൾ ഓർത്തെടുത്തിരുന്നു മലയാളത്തിന്റെ പ്രിയനടി. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥ. മുംബൈയിൽനിന്ന് മകൾ ശ്രീക്കുട്ടിയെത്തി.
സിദ്ധാർഥും കുടുംബവും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ദിവസങ്ങൾ ശുശ്രൂഷിച്ചു. ഡോക്ടർമാരുമെത്തി. സ്ഥിരമായി പരിചരണത്തിന് ഹോം നഴ്സുമാരും. മന്ത്രി ഉൾപ്പെടെ വി.വി.ഐ.പികൾ നിലവിലെ അവസ്ഥയിൽ ലളിതയെ കാണാതെ പൂമുഖത്തിരുന്ന് മക്കളുമായി സംസാരിച്ചു മടങ്ങി. അണുബാധ ഒഴിവാക്കാനും മനസ്സിലുള്ള അവരുടെ പഴയ മുഖം അതേരീതിയിൽ നിലനിർത്താനുമായിരുന്നു ഇത്. നിലവിലെ അവസ്ഥയെത്തുടർന്നാണ് സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് ലളിതയെ മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആംബുലൻസിൽ തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയിൽ അവർ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ''അല്ലെങ്കിലും കാര്യങ്ങൾ ഒന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ, മുകളിലൊരാളല്ലേ'' എന്ന കെ.പി.എ.സി ലളിതയുടെ സ്ഥിരം വാക്കുകളാണ് യാത്ര കണ്ടുനിന്ന ബന്ധുമിത്രാദികളുടെ ഹൃദയത്തിൽ മുഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.