കുറാഞ്ചേരി മല ആശങ്ക വേണ്ട, വേണം ജാഗ്രത
text_fieldsവടക്കാഞ്ചേരി: കുറാഞ്ചേരി മലയിൽ മണ്ണിടിഞ്ഞ സ്ഥലം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പുലർത്തണം.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ മണ്ണിടിച്ചിൽ നടന്നതായി സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച വഴിയാത്രക്കാരാണ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. 2018ൽ 19 പേരുടെ ജീവൻ അപഹരിച്ച ദുരന്ത സ്ഥലത്തിന് മുകൾ ഭാഗത്തായി 150 മീറ്റർ അകലെ വനഭൂമിയിലാണ് ഇടിഞ്ഞത്. 2018ൽ മണ്ണിടിച്ചിൽ ഉണ്ടായതിന്റെ പാർശ്വ പാളികളാണ് ശക്തമായ മഴയിൽ മരത്തോടൊപ്പം താഴേക്ക് നിരങ്ങിവന്നത്.
ഒഴുകിയെത്തുന്ന വെള്ളത്തിന് കലക്കില്ലാത്തത് തീവ്രതയുടെ ആക്കം കുറക്കുമെന്ന് പറയുന്നു. 19 പേരുടെ ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ ഇവിടം സദാസമയവും ജാഗ്രത പുലർത്തുന്നതായി ജനപ്രതിനിധികൾ പറഞ്ഞു. ശക്തമായ മഴക്ക് മുന്നോടിയായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സമീപത്തുള്ളവരെ പാർളിക്കാട് ദുരിതാശ്വാസ ക്യാമ്പിലും പാർപ്പിച്ചിട്ടുണ്ട്.
റീബിൽഡ് കേരളയുടെ ഭാഗമായി മലയിൽനിന്നും ഒഴുകിയെത്തുന്ന വെള്ളത്തെ മറ്റു ദിശകളിലേക്ക് ഒഴുകാൻ നീർച്ചാലുകളും നിർമിച്ചിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ല ജിയോളജിസ്റ്റ് എസ്. സൂരജ്, മച്ചാട് ഡെപ്യൂട്ടി റെയ്ഞ്ചർ വി. വിനോദ്, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.വി. മുഹമ്മദ് ബഷീർ, ജമീലാബി തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.