മണ്ഡലപരിചയം: വടക്കാഞ്ചേരിയിൽ 'ലൈഫ്' ആർക്ക് കൂടൊരുക്കും
text_fieldsതൃശൂർ: ലൈഫ് മിഷൻ ആരോപണങ്ങളുടെ കണക്ക് തീർക്കണമെങ്കിൽ സി.പി.എമ്മിന് വടക്കാഞ്ചേരി മണ്ഡലം കിട്ടിയേ തീരൂ. വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന അനിൽ അക്കരക്കാണെങ്കിൽ വിവാദങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിച്ചതിെൻറ സാധൂകരണത്തിന് വിജയത്തിൽ കുറഞ്ഞതൊന്നും പോര.വിവാദമായ ലൈഫ് മിഷൻ പദ്ധതിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ വടക്കാഞ്ചേരിയിൽ എന്തും പ്രതീക്ഷിക്കാം. പൊതുസമ്മതനെ തേടുന്ന സി.പി.എം, ജില്ലയിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്ന മണ്ഡലവും ഇതുതന്നെയാവും. കഴിഞ്ഞ തവണ 43 വോട്ടിന് വിജയിച്ചാണ് കോൺഗ്രസിലെ അനിൽ അക്കര മണ്ഡലത്തെ കൈയിലൊതുക്കിയത്. യു.ഡി.എഫിന് ജില്ലയിൽ ലഭിച്ച ഏക മണ്ഡലവും വടക്കാഞ്ചേരി തന്നെ.
വടക്കാഞ്ചേരി നഗരസഭ, അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ, തെക്കുംകര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം. ആലത്തൂർ ലോക്സഭ മണ്ഡലത്തിലാണ് വടക്കാഞ്ചേരി ഉൾപ്പെടുന്നത്. പ്രശസ്തമായ മച്ചാട് മാമാങ്കം, ഉത്രാളി പൂരം, വടകുറുമ്പകാവ് വേല, മുണ്ടൂര്‍ പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുടെ പെരുമയുള്ള മണ്ഡലത്തിൽ രണ്ട് മെഡിക്കല്‍ കോളജുകളും ആരോഗ്യ സർവകലാശാലയും കിടക്കുന്ന അപൂര്‍വ മണ്ഡലമെന്ന ഖ്യാതിയുമുണ്ട്.
1957ലെ ഐക്യകേരള െതരഞ്ഞെടുപ്പില്‍ ദ്വയാംഗ മണ്ഡലമായിരുന്ന വടക്കാഞ്ചേരിയില്‍ സി.സി. അയ്യപ്പന് (സി.പി.ഐ), കെ. കൊച്ചുകുട്ടന് (കോണ്‍ഗ്രസ്) തുടങ്ങിയവരാണ് വിജയിച്ചത്. 1960ല്‍ നടന്ന െതരഞ്ഞെടുപ്പിലും ദ്വയാംഗ മണ്ഡലമായതിനെ തുടര്‍ന്ന് കെ. ബാലകൃഷ്ണമേനോന് (പി.എസ്.പി) കെ. കൊച്ചുകുട്ടന് (കോണ്‍ഗ്രസ്) എന്നിവരാണ് െതരഞ്ഞെടുക്കപ്പെട്ടത്. 1965ലും 67ലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രഫ. എന്‍.കെ. ശേഷന് വടക്കാഞ്ചേരിയെ പ്രതിനിധാനം ചെയ്തു.
1970ല്‍ സി.പി.എം നേതാവ് എ.എസ്.എന്‍. നമ്പീശന് വടക്കാഞ്ചേരി എം.എൽ.എയായി. പേക്ഷ, വിജയം തുടരാന്‍ ആയില്ല. 1977, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന െതരഞ്ഞടുപ്പുകളില് മണ്ഡലത്തില്‍ കെ.എസ്. നാരായണന് നമ്പൂതിരി വിജയിച്ചു. 1996, 2001 വര്‍ഷങ്ങളില്‍ നടന്ന െതരഞ്ഞെടുപ്പുകളില്‍ അഡ്വ. വി. ബാലറാം വിജയിച്ചു. തുടര്‍ന്നാണ് 2004ല്‍ കരുണാകരെൻറ വിശ്വസ്തനായിരുന്ന വി. ബാലറാമിനെ രാജിവപ്പിച്ച് വൈദ്യുതി മന്ത്രിയുടെ പകിട്ടുമായെത്തിയ മുരളീധരന് മത്സരിച്ചത്. കെ. മുരളീധരനെ തോൽപിച്ചാണ് കോണ്‍ഗ്രസിെൻറ ശക്തികേന്ദ്രമായ ഈ മണ്ഡലം സി.പി.എം പിടിച്ചെടുക്കുന്നത്. രണ്ടുതവണത്തെ എ.സി. മൊയ്തീൻ തുടർച്ചയായി ഇവിടെനിന്ന് വിജയിച്ചതിനു ശേഷം 2011ൽ സി.എൻ. ബാലകൃഷ്ണനിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു.
2016ൽ കെ.പി.എ.സി ലളിതയെ സ്ഥാനാർഥിയാക്കി നിയമസഭ തെരഞ്ഞെടുപ്പ് നേരിടാമെന്ന നീക്കത്തിൽനിന്ന് എൽ.ഡി.എഫ്, എതിർപ്പിനെത്തുടർന്നാണ് പിൻവലിഞ്ഞത്. ഒടുവിൽ മേരി തോമസിനെ സ്ഥാനാർഥിയാക്കിയെങ്കിലും വിജയിക്കാനായില്ല. പാർട്ടിയുടെ സ്വാധീന മേഖലകളിൽ പോലും വിള്ളൽ വീണതിൽ വിഭാഗീയത ആരോപിക്കപ്പെട്ടിരുന്നു.
എൽ.ഡി.എഫിൽ ഇത്തവണ സേവ്യർ ചിറ്റിലപ്പിള്ളി, കെ. രാധാകൃഷ്ണൻ, എം.കെ. കണ്ണൻ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. വടക്കാഞ്ചേരിയിലെ പരിചിതമുഖമായ സേവ്യർ ചിറ്റിലപ്പിള്ളിക്കാണ് മുൻതൂക്കം. അനിൽ അക്കരക്ക് തന്നെ സീറ്റ് നൽകാനാണ് യു.ഡി.എഫ് നീക്കം. കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് ബാബുവിനെ തന്നെയായിരിക്കും ബി.ജെ.പി പരിഗണിക്കുക. പ്രകൃതിരമണീയമായ മച്ചാട്-അകമല താഴ്വാര ഭൂമിയിൽ തെരഞ്ഞെടുപ്പ് കേളികൊട്ടിന് കാതോർത്തിരിക്കുകയാണ്... വടക്കാഞ്ചേരിയുടെ ജനനേതാവിന് വേണ്ടി.
2016 നിയമസഭ തെരഞ്ഞെടുപ്പ്
അനിൽ അക്കര
(കോൺ)- 65,535
മേരി തോമസ്
(സി.പി.എം)- 65,492
ഉല്ലാസ് ബാബു
(ബി.ജെ.പി)- 26,652
എ.കെ. ഗദ്ദാഫി
(എസ്.ഡി.പി.ഐ)- 477
പി.കെ. സുബ്രഹ്മണ്യൻ
(ബി.എസ്.പി) -419
അനിൽ സ്വതന്ത്രൻ -237
ഭൂരിപക്ഷം: 43
2019 ലോക്സഭ തെരെഞ്ഞടുപ്പ്
രമ്യ ഹരിദാസ് (കോൺ)- 5,33,815
പി.കെ. ബിജു
(സി.പി.എം) -3,74,847
ടി.വി. ബാബു
(ബി.ഡി.ജെ.എസ്)- 89,837
ഭൂരിപക്ഷം: 1,58,968
2020 തദ്ദേശ തെരെഞ്ഞടുപ്പ്
വടക്കാഞ്ചേരി നഗരസഭ
ആകെ സീറ്റ്: 41 , എൽ.ഡി.എഫ് -24 , യു.ഡി.എഫ് -16, ബി.ജെ.പി -1
മണ്ഡലത്തില്‍ ഇതുവരെ വിജയിച്ച സ്ഥാനാർഥികളുടെ പേരും പാര്‍ട്ടിയും
1957: സി.സി. അയ്യപ്പൻ (സി.പി.ഐ)
1960: കെ. ബാലകൃഷ്ണൻ (പി.എസ്.പി)
1967: എൻ.കെ. ശേഷൻ (എസ്.എസ്.പി)
1970: എ.എസ്.എൻ. നമ്പീശൻ (സി.പി.എം)
1977: കെ.എസ്. നാരായണൻ നമ്പൂതിരി (കോൺ.)
1980: കെ.എസ്. നാരായണൻ നമ്പൂതിരി (കോൺ.)
1982: കെ.എസ്. നാരായണൻ നമ്പൂതിരി (കോൺ.)
1987: കെ.എസ്. നാരായണൻ നമ്പൂതിരി (കോൺ.)
1991: കെ.എസ്. നാരായണൻ നമ്പൂതിരി (കോൺ.)
1996: അഡ്വ. വി. ബാലറാം (കോൺ.)
2001: അഡ്വ. വി. ബാലറാം (കോൺ.
2004: (ഉപതെരഞ്ഞെടുപ്പ്) എ.സി. മൊയ്തീൻ (സി.പി.എം)
2006: എ.സി. മൊയ്തീൻ (സി.പി.എം)
2011: സി.എൻ. ബാലകൃഷ്ണൻ (കോൺ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.