ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീട് തകർന്ന് വയോധികക്കും 12കാരിക്കും പരിക്ക്
text_fieldsവടക്കാഞ്ചേരി: റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോടിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. നിലംപൊത്തിയ വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന കാരേങ്ങൽ സുഹറ (63), പേരക്കുട്ടി സിയ ഫാത്തിമ (12) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു മുറിയിലായിരുന്ന സുഹ്റയുടെ മകൻ ഷാഹിദിന്റെ ഭാര്യ സുമൈല (20) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ സംസ്ഥാന പാതയോരത്തെ വൈദ്യുതി തൂൺ പൊട്ടിവീണു.
വ്യാഴാഴ്ച്ച പുലർച്ച രണ്ടിനാണ് അപകടം. വൈദ്യുതി വകുപ്പ് മുൻ എക്സിക്യൂട്ടീവ് എൻജിനിയർ കളത്തിങ്കൽ പീടികയിൽ പരേതനായ അബ്ദുറഹ്മാന്റെ വീട്ടിലേക്കാണ് ലോറി ഓടിക്കയറിയത്. കാരേങ്ങൽ വീട്ടിൽ സുഹറയും കുടുംബവുമാണ് ഈ വീട്ടിൽ വാടകക്ക് താമസിക്കുന്നത്. പെരുമ്പാവൂരിൽനിന്ന് പ്ലൈവുഡുമായി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു ലോറി. അമിതഭാരമാണ് ലോറിയിലുണ്ടായിരുന്നത്.
സിവിൽ സപ്ലൈസ് വകുപ്പ് ഗോഡൗൺ പിന്നിട്ട ഉടൻ സംസ്ഥാന പാതയിലെ സ്പീഡ് ബ്രേക്കറിൽ ചാടിയ ലോറിയുടെ ആക്സിൽ മുറിഞ്ഞുവെന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നുമാണ് ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി മനോജിന്റെ മൊഴി. വീട്ടുമതിലും മുന്നിലെ മരവും ഇടിച്ച് തകർത്താണ് ലോറി സുഹറയും പേരക്കുട്ടിയും കിടന്ന മുറിയിലേക്കെത്തിയത്. ഇരുനില വീട്ടിലെ ഈ മുറിയും മുകൾവശവും പൂർണമായും നിലംപൊത്തി. ഇഷ്ടികകൾക്കും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കും ഇടയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്. പൊലീസ്, ഹൈവേ പൊലീസ് എന്നിവരും സ്ഥലത്തെത്തി. മുറിയിലുണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ്, ഫാൻ, കട്ടിൽ എന്നിവയും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.