കൊമ്പൻ മച്ചാട് കർണൻ ചെരിഞ്ഞു
text_fieldsവടക്കാഞ്ചേരി: തൃശൂർ, ആറാട്ടുപുഴ, ഉത്രാളിക്കാവ് പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന കൊമ്പൻ മച്ചാട് കർണൻ ചെരിഞ്ഞു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് അന്ത്യം.
മദപ്പാടിലായിരുന്ന കർണൻ വരവൂരിലെ എസ്റ്റേറ്റിൽ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്.
ഉത്രാളിക്കാവ് പൂരത്തിൽ വടക്കാഞ്ചേരി ദേശത്തിനു വേണ്ടിയും തൃശൂർ പൂരത്തിൽ പാറമേക്കാവ് ദേശത്തിനു വേണ്ടിയും ആറാട്ടുപുഴ പൂരത്തിലും പങ്കെടുത്തിട്ടുണ്ട്.
മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച നടക്കും.
പൂരപ്രേമികൾക്ക് നിരാശ
തൃശൂർ: ശാന്ത സ്വഭാവമുള്ള കൊമ്പൻ മച്ചാട് കർണൻ െചരിഞ്ഞത് പൂര പ്രേമികളെ നിരാശരാക്കി. തൃശൂർ, ആറാട്ടുപുഴ, ഉത്രാളിക്കാവ് പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന കർണൻ ആറുവർഷമായി തൃശൂരിലെ ഗജനിരയിലെ തലയെടുപ്പുള്ള ആനയാണ്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കർണന് പീച്ചിയിൽ കണ്ണൻ, അമ്പാടി കണ്ണൻ എന്നീ പേരുകളുണ്ടായിരുന്നു.
ആരോടും കൂട്ടുചേരുന്ന പ്രകൃതമായതിനാൽ പൂരപ്രേമികളുടെ കണ്ണിലുണ്ണിയായി. അവസാനമായി തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിന് എത്തിയിരുന്നു. മദപ്പാടിലായതിനാൽ തൃശൂർ പൂരത്തിന് എത്തിയിരുന്നില്ല. ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവസാന രണ്ട് ദിവസം തീരെ ഭക്ഷണം കഴിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.