പന്നിയങ്കര അമിത ടോൾ: ഇന്നു മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ അമിത ടോൾ ഈടാക്കുന്നുവെന്നാരോപിച്ച് മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ. ബസുകൾ പണിമുടക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. രോഗികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലഞ്ഞു. ഇതിനിടെ ഗുരുതര രോഗവുമായി ചികിത്സക്കായി പോയ കുടുംബത്തെ പൊലീസ് ഇടപെട്ട് സ്വകാര്യ വാഹനത്തിൽ കയറ്റിവിട്ടു. മറ്റുള്ളവർ മണിക്കൂറുകളോളം നിന്ന് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്ര തുടർന്നു.
ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി. ഇതിനിടെ ടിപ്പർ-ടോറസ് ലോറി ഉടമകളുടെ സമരവും തുടങ്ങി. തിങ്കളാഴ്ച രാവിലെ ടോൾ നൽകാതെ സർവിസ് നടത്താൻ ശ്രമിച്ച സ്വകാര്യ ബസുകളെ കരാർ കമ്പനിയും പൊലീസും ചേർന്ന് തടഞ്ഞു. തുടർന്ന് ടോൾ പ്ലാസ കടക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസുകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. രാവിലെ കുറച്ച് സമയം ഇരുവശത്തുനിന്നും സർവിസ് നടത്താൻ ശ്രമിച്ചെങ്കിലും യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് പത്തുമണിയോടെ പൂർണമായി നിർത്തി വെക്കുകയായിരുന്നു.
ഒരാഴ്ചയായി സ്വകാര്യ ബസുകളുടെ പ്രതിഷേധം തുടരുകയാണ്. ടോൾ നൽകാതെ ബാരിയറും ബാരിക്കേഡും തട്ടിമാറ്റി സർവിസ് നടത്തിയ 29 സ്വകാര്യ ബസുകൾക്കെതിരെ കരാർ കമ്പനിയുടെ പരാതി പ്രകാരം കേസെടുത്തിരുന്നു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ സംയുക്ത സമരസമിതിയുടെ തീരുമാനം. തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാമ്പാറ, തൃശൂർ-മീനാക്ഷിപുരം, തൃശൂർ-മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ നൂറ്റമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കുക.
ബസുടമകളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ചൊവ്വാഴ്ച യോഗം നടത്താൻ തീരുമാനിച്ചെങ്കിലും നടക്കാൻ സാധ്യതയില്ലെന്ന് ഉടമകൾ പറയുന്നു. മറ്റുള്ള ടോൾ പ്ലാസയേക്കാൾ പത്തും പതിനൊന്നും ഇരട്ടി ടോളാണ് സ്വകാര്യ ബസുകളിൽനിന്ന് പന്നിയങ്കരയിൽ ഇടാക്കുന്നത്. ഇത്രയധികം ടോൾ നൽകി സർവിസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകളുടെ വാദം. ടോൾ പ്ലാസ ഒഴിവാക്കി സമാന്തര വഴികളിലൂടെ കുറച്ച് ദിവസം സർവിസ് നടത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അതുവഴിയുള്ള ഗതാഗതം നിർത്തിവെക്കേണ്ടിവന്നു.
പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സർവിസ് നിർത്തിവെക്കാനാണ് തീരുമാനം. ബസുടമകളുടെ സംയുക്ത സമരസമിതി ടോൾ പ്ലാസക്ക് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്. തിങ്കളാഴ്ച മുതൽ ടിപ്പർ-ടോറസ് ലോറി ഉടമകളും ടോൾ പ്ലാസക്ക് സമീപം അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.