ഞാറ്റടിക്ക് നിലം ഒരുക്കണ്ട; റെഡിമെയ്ഡ് ഞാറ്റടിയുമായി ‘ഗ്രീൻ ആർമി’
text_fieldsവടക്കാഞ്ചേരി: നെൽകൃഷിക്ക് ഞാറ്റടിയൊരുക്കാൻ ഇനി നിലമൊരുക്കേണ്ട. റെഡിമെയ്ഡ് ഞാറ്റടിയുമായി ‘ഗ്രീൻ ആർമി’ സജ്ജം. പുനരുപയോഗിക്കാവുന്ന ട്രേകളിൽ വിളയിക്കുന്ന നെൽച്ചെടികൾ വീട്ടുമുറ്റത്തോ ടെറസിലോ ഒരുക്കിയെടുക്കാം. തിരുത്തിപ്പറമ്പിലെ ഗ്രീൻ ആർമി ആസ്ഥാനത്തും തൊട്ടടുത്തെ വീട്ടുമുറ്റങ്ങളിലും മുണ്ടകൻ കൃഷിക്ക് ആയിരക്കണക്കിന് ഞാറ്റടി ട്രേകൾ ഒരുക്കി ഗ്രീൻ ആർമി ‘കാർഷിക വിപ്ലവത്തിന്’ വഴിയൊരുക്കിയിരിക്കുകയാണ്.
ഒറ്റത്തവണ 100 ഏക്കറിലധികം സ്ഥലത്ത് വിളയിക്കാനുള്ള ഞാറ്റടി ട്രേകൾ ഒരുക്കുന്ന സംസ്ഥാനത്തെതന്നെ ഏക നഴ്സറി ഗ്രീൻ ആർമിയുടേതാണെന്ന് ഇവർ അവകാശപ്പെടുന്നു.
വീട്ടുമുറ്റങ്ങളിലും മറ്റും ഞാറ്റടികൾ തയാറാക്കുന്നതിനാൽ മയിൽ, പന്നി തുടങ്ങിയവയുടെ ശല്യം ഉണ്ടാവില്ല. ദീർഘനേരം ജലസാന്നിധ്യം നിലനിൽക്കുന്ന പ്ലാസ്റ്റിക് ട്രേകളിലാണ് കൃഷി. പ്രളയത്തെയോ വെള്ളം കയറുന്ന അവസ്ഥയേയോ ഭയക്കേണ്ടതില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അനായാസം ഞാറ്റടികൾ മാറ്റാം.
വടക്കാഞ്ചേരി മേഖലയിലെ ഭൂരിഭാഗം പാടശേഖരങ്ങൾക്കുള്ള ഞാറ്റടികൾ നൽകുന്നതും ഗ്രീൻ ആർമിയാണ്. പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയർമാർ യന്ത്രസഹായത്തോടെ നടീൽ ഉൾപ്പടെ നിർവഹിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ഞാറ്റടി കേന്ദ്രം സന്ദർശിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ കൃഷി രീതി വിശദീകരിച്ചു. തിരുത്തിപ്പറമ്പിലെ പുതിയ കൃഷിരീതി കാണാൻ കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ വിവിധ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.