ആക്രി ശേഖരം, മെഡിക്കൽ കോളജ് വക...
text_fieldsവടക്കാഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ ഒ.പി വിഭാഗത്തിന് മുകളിൽ തുരുമ്പെടുത്ത സാധന സാമഗ്രികൾ തള്ളുന്നു. ഇത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമോയെന്ന ആശങ്ക ശക്തമാണ്. കാലപ്പഴക്കം ചെന്ന കസേരകൾ, സർജറി ഉപകരണങ്ങൾ, ഇരുമ്പിന്റെ അലമാരകൾ, മേശകൾ, ഷെൽഫുകൾ, ഓപറേഷൻ തിയറ്ററുകളിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ, പ്രവർത്തനരഹിതമായ കമ്പ്യൂട്ടർ തുടങ്ങിയവയാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. കൂടാതെ പഴക്കം ചെന്ന ചെറുതും വലുതുമായ യന്ത്രങ്ങളും വർഷങ്ങളായി ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ കുന്നുകൂടി കിടക്കുകയാണ്.
മെഡിക്കൽ കോളജ് ഭരണസമിതിയുടെ അലംഭാവമാണ് ഇതിന് കാരണമായി പറയുന്നത്. മെഡിക്കൽ കോളജിന്റെ ആരംഭഘട്ടം മുതലുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ ഇവിടെ തള്ളുന്നുണ്ട്. ഇവ ലേലം ചെയ്ത് വിൽക്കാനോ, നിസ്സാര കേടുപാടകൾ സംഭവിച്ച ലക്ഷങ്ങൾ വിലമതിപ്പുള്ള യന്ത്രങ്ങൾ ശരിയാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
ശക്തമായ മഴയിൽ നനഞ്ഞ് കുതിർന്ന് കെട്ടിടത്തിന്റെ വശങ്ങളിലും മധ്യഭാഗത്തും ഈർപ്പമിറങ്ങി കെട്ടിടത്തിന് ബലക്ഷയ ഭീഷണിയുണ്ടാകുമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.