മാനം കറുത്താൽ ഇടനെഞ്ചിൽ ഭീതിയുടെ പെരുമ്പറ
text_fieldsവടക്കാഞ്ചേരി: ചോർന്നൊലിക്കുന്ന ടാർപോളിൻ കൂരയിൽ നാലംഗകുടുംബത്തിന്റെ ദുരിത ജീവിതം. മാനം കറുത്താൽ നിർധന കുടുംബത്തിന്റെ ഇടനെഞ്ചിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങും. തെക്കുംകര പഞ്ചായത്തിലെ അടങ്കളം മൂഴിക്കുളങ്ങര വീട്ടിൽ ഷീബ-സതീഷ് ദമ്പതികളാണ് പ്രതിസന്ധിയുടെ ആഴം കാണുന്നത്. ശക്തമായ കാറ്റ് വീശിയാൽ തകർന്നുപോയേക്കാവുന്ന ടാർപോളിൻ കൊണ്ട് മറച്ച കൂരയിലാണ് രണ്ടു മക്കളടങ്ങുന്ന നിർധന കുടുംബത്തിന്റെ താമസം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊട്ടടുത്ത മരക്കൊമ്പുകളും മറ്റും പതിച്ച് ടാർപോളിൻ ഷീറ്റുകളുൾപ്പടെ തകർച്ചയുടെ വക്കിലായതോടെ ദുരിതം ഇരട്ടിയായി. മരക്കൊമ്പ് പതിച്ച് ഒരു വശത്തേക്ക് ചെരിഞ്ഞ കൂരയും നോക്കി കണ്ണീർ വാർക്കുകയാണിവർ.
മഴ തോർന്നാലും തങ്ങളുടെ കണ്ണീർ തോരില്ലെന്ന് വേദനയോടെ ഇവർ പറയുന്നു. ഒരു പതിറ്റാണ്ടായി കനാൽപ്പുറത്തെ അഞ്ച് സെന്റ് ഭൂമിയിലെ ടാർപോളിൻ കൂരയിലാണ് താമസം. ലൈഫ് ഭവനപദ്ധതി പട്ടികയിൽ പേരുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. സുമനസ്സുകളായ നാട്ടുകാർ സഹായിച്ച് വീട് നിർമിക്കാൻ തറ ഒരുക്കിയെങ്കിലും നിർമാണം മുന്നോട്ട് കൊണ്ടു പോകാനായില്ല. അടച്ചുറപ്പുള്ള കൊച്ചു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അധികൃതർ കനിയണമെന്നാണ് ഇവരുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.