അടഞ്ഞു കിടക്കുന്ന വിരുപ്പാക്ക മില്ലിന് മുന്നിൽ ഇന്ന് പട്ടിണി സമരം
text_fieldsവടക്കാഞ്ചേരി: വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മിൽ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 20 മാസം പിന്നിടുമ്പോൾ പ്രതിസന്ധിയുടെ കയങ്ങളിലകപ്പെട്ട തൊഴിലാളികളും കുടുംബാംഗങ്ങളും തിരുവോണം നാളായ ഞായറാഴ്ച കമ്പനിക്ക് മുന്നിൽ അടുപ്പുകൂട്ടി പട്ടിണി സമരം നടത്തും.ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളി യൂനിയനുകൾ സംയുക്തമായാണ് സമരത്തിന് ഇറങ്ങുന്നത്. കമ്പനി ഉടൻ തുറക്കുക, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കമ്പനി നടത്തിപ്പിന് സർക്കാർ പാസാക്കിയ നാല് കോടിയോളം രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ എൻ.സി.ഡി.സി വായ്പ ഇനത്തിൽ ലഭിച്ച 30 കോടി രൂപ ഉപയോഗിക്കുന്നതിലെ അപാകത കാരണം പല ജോലികളും പൂർത്തിയായിട്ടില്ല. കോടിക്കണക്കിന് രൂപ കൊടുത്ത് വാങ്ങിയ യന്ത്രസാമഗ്രികൾ പലതും പെട്ടിപോലും പൊട്ടിക്കാതെ ഗോഡൗണിൽ കിടക്കുകയാണ്. ഇവ വാങ്ങിയതിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്ന ആവശ്യവും യൂനിയനുകൾ ഉന്നയിക്കുന്നുണ്ട്.
35 വർഷത്തോളം ജോലി ചെയ്തവർക്ക് സ്വന്തം അക്കൗണ്ടിലെ പ്രോവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുക്കാനോ ഓൺലൈൻ വഴി അപേക്ഷ നൽകാനോ പറ്റാത്ത സാഹചര്യമാണ്. വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ 2,000 രൂപ നൽകുമെന്നും ഈമാസം 18നകം അതിനായി അപേക്ഷിക്കണമെന്നും അറിയിപ്പുണ്ടെങ്കിലും കിട്ടുമെന്ന കാര്യത്തിൽ ആർക്കുമല്ല ഉറപ്പില്ല. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും സർവത്ര പ്രകടമാണ്. പൂട്ടിക്കിടക്കുന്ന മിൽ വളപ്പ് വാനരന്മാരുടെ താവളമായതോടെ പരിസരവാസികൾക്കും വലിയ ശല്യവും ദുരിതവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.