പന്നിയങ്കരയിൽ ഇന്ന് മുതൽ ടോൾനിരക്ക് വർധന
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ നിരക്ക് കൂട്ടി. ഞായറാഴ്ച അർധരാത്രിയോടെയാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ ഒന്നുമുതൽ നിരക്ക് കൂടേണ്ടതാണെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിരക്കുവർധന വേണ്ടെന്ന് ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നു.
ശനിയാഴ്ച ലോക്സഭാ തെ രഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയായതോടെയാണ് തിങ്കളാഴ്ചമുതൽ നിരക്ക് വർധിപ്പിക്കാൻ തിരുമാനിച്ചത്. മൂന്നുശതമാനമാണ് വർധന. 24 മണിക്കൂറിനുള്ളിൽ തിരികെ ടോൾവഴി തിരികെ പോവുകയാണെങ്കിൽ നിശ്ചിതശതമാനം കുറവുണ്ടാകും. പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള 330 രൂപയായിരുന്ന മാസപ്പാസ് 340 ആയും കൂട്ടിയിട്ടുണ്ട്.
ആറ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അനുവദിച്ച സൗജന്യം പിൻവലിക്കാത്തതിനാൽ നിരക്കുവർധന പ്രദേശവാസികളെ ബാധിക്കില്ല. 2022 മാർച്ച് ഒമ്പത് മുതലാണു പന്നിയ ങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ഏപ്രിൽ മുതൽ നിരക്ക് വർധിപ്പിച്ചു. വീണ്ടും 2023 ഏപ്രിലിൽ നിരക്ക് കൂട്ടി. പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണ് പിൻവലിച്ചത്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാർ ഇപ്പോൾ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും ഇത് അധികകാലം അനുവദിക്കില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്. സ്കൂൾ വാഹനങ്ങളുടെ സൗജന്യം നിർത്തുമെന്ന് കാണിച്ച് പരിസരത്തെ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ടോൾനിരക്ക് വർധിപ്പിച്ചെങ്കിലും ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിലെ ഗതാഗതപ്രശ്നം തുടരുകയാണ്. തുരങ്കത്തിലെ യാത്ര സുഗമമല്ലാതിരിക്കെ ടോൾനിരക്ക് കൂട്ടിയതിനെതിരേ പ്രതിഷേധമുയർന്നിട്ടുണ്ട്. ഈടാക്കുന്ന ടോളിന്റെ 60 ശതമാനവും കുതിരാൻ തുരങ്കങ്ങളിലെ യാത്രക്കാണ്.
ടോൾനിരക്ക്
(പഴയത് - പുതിയത്)
കാർ, ജീപ്പ്, വാൻ തുടങ്ങി ചെറുവാഹനങ്ങൾ (മാറ്റമില്ല) 110 രൂപ
മിനിബസ്, ചെറുചരക്ക് വാഹനങ്ങൾ 165 രൂപ - 170 രൂപ
ബസ്, ട്രക്ക് തുടങ്ങി രണ്ട് ആക്സിൽ വാഹനങ്ങൾ 340 രൂപ - 350 രൂപ
മൂന്നുമുതൽ ആറ് ആക്സിൽ വരെയുള്ളവ 515 രൂപ - 530 രൂപ
ഏഴും അതിൽക്കൂടുതൽ ആക്സിലുമുള്ള വലിയ വാഹനങ്ങൾക്ക് 665 രൂപ - 685 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.