കുറാഞ്ചേരി-നായരങ്ങാടി-കല്ലംപാറ കോളനി റോഡ് നവീകരണം ദ്രുതഗതിയിലാക്കും
text_fieldsവടക്കാഞ്ചേരി: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കുറാഞ്ചേരി - നായരങ്ങാടി - കല്ലംപാറ കോളനി റോഡ് നിർമാണം ദ്രുതഗതിയിലാക്കാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ റീബില്‍ഡ് കേരള ഉന്നത ഉദ്യോഗസ്ഥരും എൻജിനീയര്‍മാരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി.
2018ലെ പ്രളയത്തില്‍ 19 പേര് മരണപ്പെട്ട ദുരന്തത്തിൽ തകർന്ന കുറാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളുടെ നവീകരണമാണ് പുരോഗമിക്കുന്നത്. കുറാഞ്ചേരിയിൽനിന്ന് ആരംഭിച്ച് അഞ്ച് കിലോമീറ്റര്‍ നീളുന്ന മലയോര പ്രദേശത്തുകൂടിയുള്ള റോഡാണ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയിൽനിന്ന് പുന്നംപറമ്പ് വഴി ദേശീയപാത മണ്ണുത്തി ഭാഗത്ത് എത്തുന്ന (പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍) പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണക്ഷനാണ് ഈ റോഡ്. ചെപ്പാറ, പൂമല, പത്താഴക്കുണ്ട് തുടങ്ങിയ സമീപ പ്രദേശത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനും റോഡ് നവീകരിക്കുന്നതോടെ സാധിക്കും.
വടക്കാഞ്ചേരി നഗരസഭ പരിധിയിലെ കുറാഞ്ചേരിയില്നിന്ന് ആരംഭിച്ച് തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ തച്ചംകുഴയില് ആണ് നിർമാണം നടക്കുന്ന റോഡ് അവസാനിക്കുന്നത്. ബി.എം ബി.സി നിലവാരത്തില്‍ 5.5 മീറ്റര്‍ വീതിയില്‍ ടാറിങ്ങിനൊപ്പം ഐറിഷ് ഡ്രയിൻ കൂടി നൽകി ഏഴ് മീറ്റർ വീതിയിലാണ് റോഡ് നിർമാണം. 3.4 കിലോമീറ്റര്‍ കരിങ്കൽ സംരക്ഷണ ഭിത്തിയും 155 മീറ്റര്‍ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും 3.5 കിലോമീറ്റർ കാനയും 18 കള്‍വര്‍ട്ടുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിൽ 12.5 കോടി രൂപ ചെലവിലാണ് നിർമാണം. ടാറിങ് ഉടൻ ആരംഭിക്കുമെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.