വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ മന്ത്രി ഫോൺ വിളിച്ചിട്ടും നിസ്സഹകരണം; നേരിട്ടെത്തി കർശന നിർദേശം
text_fieldsവടക്കാഞ്ചേരി: വടക്കാഞ്ചേരി ജില്ല ആശുപത്രി അത്യാഹിതവിഭാഗത്തിലേക്ക് ആരോഗ്യമന്ത്രി ഫോൺ വിളിച്ചിട്ടും നിസ്സഹകരണം. ഉടൻ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി അന്വേഷിച്ച് കർശന നിർദേശങ്ങൾ നൽകി. ആശുപത്രിയിലേക്ക് ഫോൺ ചെയ്താൽ എടുക്കുന്നില്ലെന്ന പരാതി നിലവിലുണ്ട്. ഫോണിന്റെ റിസീവർ മാറ്റിവെക്കൽ ജീവനക്കാരുടെ രീതിയാണെന്നും വിമർശനമുണ്ട്.
ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും മന്ത്രി സന്ദർശനം നടത്തി. വികസന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ പ്രധാന ആശുപത്രികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി എത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നിലവിലെ വികസന പ്രവൃത്തികൾ വിലയിരുത്തി. നിലവിൽ നടക്കുന്നത് 18.23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. പ്രവൃത്തി വൈകുന്നതിൽ എം.എൽ.എ അതൃപ്തി പ്രകടിപ്പിച്ചു.
കോവിഡ് പോലുള്ള പകർച്ചവ്യാധികളുടെ ഘട്ടത്തിൽ പ്രത്യേക ചികിത്സക്കുള്ള പത്ത് കിടക്കകളും അനുബന്ധ ആരോഗ്യ സൗകര്യങ്ങളും അടങ്ങിയ ഐസൊലേഷൻ വാർഡ് സജ്ജമായി. ഓക്സിജൻ ജനറേറ്റർ പ്ലാന്റ് നിർമിച്ചു. ശിശുക്കളിലെ വളർച്ചാവൈകല്യങ്ങൾ പ്രാരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുന്ന ജില്ലതല പ്രാരംഭ ഇടപെടൽ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ജില്ല പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപ ചെലവിൽ തയാറാക്കിയിട്ടുണ്ട്. നേരത്തെ സ്ഥാപിച്ച ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ്, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, എൻജിനീയർമാർ, അനുബന്ധ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.