വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രിക്ക് പുതിയ ഒ.പി ബ്ലോക്ക്
text_fieldsനഗരസഭയിലെ വിവിധ വിഷങ്ങൾക്കുള്ള ചികിത്സ ലഭ്യമായ ഈ ആശുപത്രിയിൽ പാമ്പ് വിഷം ബാധിച്ച ഉണങ്ങാത്ത വ്രണം പോലുള്ള രോഗങ്ങൾക്കും വിവിധതരം ത്വഗ് രോഗങ്ങൾക്കുമുള്ള ചികിത്സകളും മറ്റു രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സകളും നൽകുന്നുണ്ട്.
എൻ.എ.എം പദ്ധതിപ്രകാരം അനുവദിച്ച ഡോക്ടർ, രണ്ടു തെറപ്പിസ്റ്റുകൾ എന്നിവർക്ക് പുറമേ ആയുർവേദ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസി അറ്റൻഡർ അടക്കമുള്ള സ്ഥിരം തസ്തികകളും ഈ ആശുപത്രിയിലുണ്ട്.
ഗവ. ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്ന രോഗികളുടെ ആവശ്യകതകൾക്കനുസരിച്ച് അപര്യാപ്തമായ സാഹചര്യത്തിൽ, വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ആശുപത്രിയുടെ ഭൗതിക സാഹചര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അറിയിച്ചു.
ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് ആധുനിക ഒ.പി ബ്ലോക്ക് നിർമിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോർ പില്ലർ വെച്ച് നിലനിർത്തി പാർക്കിങ് സൗകര്യം വിപുലീകരിക്കാനും പുതിയ ഒ.പി ബ്ലോക്കിൽ ഒബ്സർവേഷൻ റൂം, റിസപ്ഷൻ ഏരിയ അടക്കമുള്ള ആധുനിക കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുക. ഒ.പി ബ്ലോക്ക് നിർമാണത്തിന്റെ സ്കെച്ച്, പ്ലാൻ, ഡിസൈൻ എന്നിവ തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്ന നടപടികൾ നിർവഹണ ഏജൻസിയായ സിൽക്ക് അത്താണിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.