കുറ്റിപ്പുല്ല് നിറഞ്ഞ് വടക്കാഞ്ചേരി പുഴ
text_fieldsവടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയിൽ നിബിഢമായ കുറ്റിപ്പുല്ലുകൾ നീരൊഴുക്കിന് വിലങ്ങുതടിയാകുമെന്ന് ആശങ്ക. നഗരസഭയുടെ വിളിപ്പാടകലെയുള്ള, പ്രാന്തപ്രദേശങ്ങളിലെ പാടശേഖരങ്ങൾക്ക് ആശ്രയമായ വടക്കാഞ്ചേരി പുഴയാണ് പുല്ല് നിറഞ്ഞ് വികൃതമായത്. ആദ്യ ഘട്ടങ്ങളിൽ വടക്കാഞ്ചേരി പുഴ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത പുഴ സംരക്ഷണ സമിതിയുടെ പൊടി പോലുമില്ല. പുഴ നവീകരണത്തിന് നിരവധി തവണ നഗരസഭയുടെ നേതൃത്വത്തിൽ ആഴം കൂട്ടുകയും വശങ്ങളിൽ അലങ്കാര ചെടികൾ നടുകയും ചെയ്തെങ്കിലും പിന്നീടങ്ങോട്ട് നിരീക്ഷണത്തിനും പരിപാലനത്തിനും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. വേലൂർ, കേച്ചേരി തുടങ്ങിയ പഞ്ചായത്തുകളിലും വടക്കാഞ്ചേരി പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം നെൽകർഷകർക്ക് ആശ്വാസമേകിയിരുന്നു. ഇപ്പോൾ പുഴയുടെ സ്ഥിതി പരിതാപകരമാണ്. കാലവർഷത്തിന് മുമ്പ് സുഗമമായ നീരൊഴുക്കിന് ഉതകും വിധം നവീകരണം നടത്തിയില്ലെങ്കിൽ ഒഴുകിയെത്തുന്ന വെള്ളം പാഴാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പരമ്പരാഗത നെൽ കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.