അകമലയിലെ വന്യമൃഗ ശല്യം; വേണം, അടിയന്തര നടപടി
text_fieldsവടക്കാഞ്ചേരി: അകമലയിൽ വന്യമൃഗശല്യം പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്. ജില്ലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ) പദ്ധതി പ്രകാരം 1.76 കോടി രൂപ ചിലവഴിച്ച് വൈദ്യുതി വേലി നിർമിക്കുന്ന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ നടക്കുകയാണെന്നും അകമല പ്രദേശത്തെ വൈദ്യുത വേലി നിർമാണവും ഇതിൽ ഉൾപ്പെടുമെന്നും പദ്ധതി അടിയന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അകമല പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ആർ.കെ.വി.വൈ പദ്ധതിക്ക് പുറമേ സംസ്ഥാന സർക്കാരും വനംവകുപ്പും വന്യമൃഗ ശല്യം പരിഹരിക്കാൻ സ്വീകരിക്കുന്ന വിവിധ നടപടികൾ ഊർജിതമാക്കാൻ പരിശ്രമിക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വി.എസ്. പ്രിൻസ് പറഞ്ഞു.
സി.പി.ഐ നേതാക്കളായ എം.ആർ. സോമനാരായണൻ ഇ.എം. സതീശൻ, എം.യു. കബീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാമോഹൻ, എം.എ. വേലായുധൻ, കെ.പി. തോമസ്, കെ.എ. അബ്ദുൽ സലീം, പി. സതീഷ്കുമാർ, എ.എ. ചന്ദ്രൻ, എ.എ. റിയാസ്, കെ.കെ. സുരേന്ദ്രൻ, സി.വി. പൗലോസ്, സി. രഘു എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.