കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവത്തിൽ വ്യാപക നാശനഷ്ടം
text_fieldsവടക്കാഞ്ചേരി: അകമല-കുഴിയോട് കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവത്തിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞദിവസം രാവിലെയും പുലർച്ചയിലുമാണ് കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ചത്.
പി.ഡബ്ല്യൂ.ഡി കരാറുകാരൻ ഗോവിന്ദൻകുട്ടിയുടെ രണ്ടര ഏക്കർ പറമ്പിലെ 400ഓളം വാഴകളും സമീപവാസിയുടെ 60ഓളം വാഴകളും ചവിട്ടിമെതിച്ചു. നഗരസഭ പരിധിയിലെ ചെട്ടിയാർകുന്നിൽ പ്ലാവിലെ ചക്കകളും ഭക്ഷിച്ചും ചവിട്ടി അരച്ച നിലയിലുമാണ്. ഫലവൃക്ഷങ്ങളാണ് കുത്തിമറിച്ചിട്ടത്.
കവുങ്ങ്, വാഴകൾ, തെങ്ങിൻതൈകൾ ഇവയൊക്കെ ഭക്ഷിച്ചും ചവിട്ടിമെതിച്ചുമാണ് കാട്ടാനകൾ മടങ്ങിയത്. ചക്കയും ഇവർക്ക് പ്രിയപ്പെട്ടതാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ അകറ്റിയെങ്കിലും രാത്രിയിൽ കാട്ടാനകളുടെ വരവ് തള്ളിക്കളയാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.