ടി.ബി സെന്ററിലേക്കുള്ള വൈദ്യുതി വിഛേദിക്കുമെന്ന് മുന്നറിയിപ്പ്
text_fieldsതൃശൂർ: ജില്ല ടി.ബി സെന്റർ ഇരുട്ടിലേക്ക്. വൈദ്യുതി ഫീസ് ഇനത്തിൽ 14 ലക്ഷത്തോളം കുടിശ്ശികയായതോടെ ഇവിടേക്കുള്ള വൈദ്യുതി വിതരണം വിഛേദിക്കുമെന്ന് കാണിച്ച് കോർപറേഷൻ വൈദ്യുതി വിഭാഗം കത്ത് നൽകി. ജില്ല ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ തന്നെയാണ് ജില്ല ടി.ബി സെന്ററിലേക്കും വൈദ്യുതി കണക്ഷൻ നൽകിയിട്ടുള്ളത്. രണ്ട് നമ്പറുകളിലായി നൽകിയതിൽ രണ്ടും നാല് വർഷത്തോളമായി ഒരുരൂപ പോലും അടക്കാതെ കുടിശ്ശികയാണ്.
2019 ഏപ്രിൽ മുതൽ ഇതുവരെയുള്ള ബില്ലുകളിലായി യഥാക്രമം 11,96,079 രൂപയും, 2,02,601 രൂപയും അടക്കുവാനുണ്ടെന്നാണ് വൈദ്യുതി വിഭാഗം നൽകിയ മുന്നറിയിപ്പ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്. നിരവധി തവണ കുടിശ്ശിക തുക അടക്കുന്നതിന് ആവശ്യപ്പെട്ട് അറിയിപ്പ് നൽകിയിട്ടും ഭീമമായ കുടിശ്ശിക അടക്കാത്ത സാഹചര്യത്തിൽ വൈദ്യുതി കണക്ഷനുകൾ വിഛേദിക്കുന്നതിന് നിർബന്ധിതമായിരിക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വൈദ്യുതി ബിൽ ഒടുക്കുന്ന ചുമതലയിൽ വീഴ്ച വരുത്തിയ സ്ഥാപനമേധാവിക്ക് മാത്രമായിരിക്കും ഉത്തരവാദിയെന്നുമാണ് കുടിശ്ശിക നോട്ടീസിൽ കോർപറേഷൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറി വ്യക്തമാക്കുന്നത്. നിരവധിയാളുകൾ ആശ്രയിക്കുന്നതാണ് ജില്ല ടി.ബി. സെന്റർ. വിവിധ പരിശോധനകളടക്കം ഇവിടെ നടക്കുന്നുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ ഇതടക്കമുള്ളവയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.