മഹാപ്രവാഹത്തിലും ഇളകാതെ അതിരപ്പിള്ളിയിലെ കാവൽമാടം; രഹസ്യം ഇതാണ്
text_fieldsഅതിരപ്പിള്ളി: വെള്ളപ്പൊക്കത്തിൽ ചാലക്കുടിപ്പുഴയോരത്തെ കെട്ടിടങ്ങൾ വീഴുമ്പോഴും ഇളക്കമില്ലാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാവൽമാടം. കഴിഞ്ഞ ദിവസത്തെ അതിശക്തമായ കുത്തൊഴുക്കിലും ഒഴുകിപ്പോകാതെ നിന്ന കാവൽമാടത്തിെൻറ രഹസ്യം സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികൾ എത്താതിരിക്കാൻ കാവൽജോലി ചെയ്യുന്നവരുടെ കേന്ദ്രമാണ് ആ കുടിൽ. വനസംരക്ഷണ സമിതി പ്രവർത്തകർ അതിനുള്ളിലിരുന്ന് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകും.
സഞ്ചാരികളുടെ തിരക്ക് വർധിച്ച കാലത്താണ് കുടിൽ നിർമിച്ചത്. ആദ്യം അത്ര ഉറപ്പുണ്ടായിരുന്നില്ല. ഒരിക്കൽ സിനിമ ചിത്രീകരണത്തിനായി അത് പൊളിച്ചുനീക്കിയിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ കാണുന്ന നിലയിൽ ബലപ്പെടുത്തി നിർമിച്ചത്.
അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിന് മുകളിൽ കുടിൽ നിർമിക്കുന്നു (ഫയൽ ചിത്രം)
പാറയിൽ ജാക്കി ഹാമർ ഉപയോഗിച്ച് ആഴത്തിലുള്ള കുഴികൾ ഉണ്ടാക്കി. അതിനു ശേഷം ലോറിയുടെ ആക്സിൽ മുന കൂർപ്പിച്ച് അടിച്ച് താഴ്ത്തിയിരിക്കുകയാണ്. ആറ് കുഴികളിലാണ് അതിന് തൂണുകൾ ഉറപ്പിച്ചിട്ടുള്ളത്. തുടർന്ന് ഇരുമ്പു പൈപ്പുകൾ വെൽഡ് ചെയ്താണ് കാലുകൾ നിർമിച്ചത്. അതിലാണ് കുടിൽ സ്ഥാപിച്ചത്. അതുകൊണ്ടാണ് കാറ്റിനോടും ഒഴുക്കിനോടും മല്ലടിച്ച് കുലുക്കമില്ലാതെ നിൽക്കുന്നത്. വെള്ളച്ചാട്ടത്തിന് മുകളിൽ പുഴക്ക് നടുവിലെ കുടിൽ സഞ്ചാരികൾക്ക് കൗതുകമായി തുടരും.
വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; ചാലക്കുടിപ്പുഴയോരം സാധാരണ നിലയിലേക്ക്
ചാലക്കുടി: മഴ കുറയുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ചാലക്കുടി പുഴയോരം സാധാരണ നിലയിലേക്ക്. പറമ്പിക്കുളത്തുനിന്ന് വെള്ളം തുറന്നുവിടുന്നത് കുറഞ്ഞതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായ ആശ്വാസത്തിലാണ് ജനം. അതേസമയം, പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിയിട്ടില്ല. ചാലക്കുടി പുഴയിലെ ജലനിരപ്പ് പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. പുഴയിൽ നാല് മീറ്ററോളം ജലനിരപ്പുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥ സൂചന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുകൾത്തട്ടിലെ ഡാമുകൾ നിറഞ്ഞുതന്നെ നിൽക്കുകയാണ്. മഴ ശക്തമായാൽ ഡാമുകൾ തുറന്നുവിടേണ്ടി വരും.
തമിഴ്നാട് ഷോളയാർ ഡാം പൂർണ സംഭരണശേഷിയുടെ മുകളിൽ ആയതിനാൽ അവിടെ നിന്ന് അധിക ജലം പറമ്പിക്കുളത്തേക്ക് വരുന്നുണ്ട്.കേരള ഷോളയാറിൽ തിങ്കളാഴ്ച മാത്രം 1.2 മീറ്റർ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്നും മഴ ശക്തമായാൽ അണക്കെട്ട് നിറയാൻ സാധ്യതയുണ്ട്. പറമ്പിക്കുളത്തു നിന്നും ഷോളയാറിൽ നിന്നും വലിയ തോതിൽ വെള്ളം തുറന്നുവിടേണ്ടി വരുകയും പെരിങ്ങൽക്കുത്ത് ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്താൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒന്നോരണ്ടോ മീറ്റർ ഉയരാൻ സാധ്യതയുണ്ട്.
അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു
അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞതിനാൽ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങി. മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ റോഡിലെ വെള്ളക്കെട്ട് ചൊവ്വാഴ്ച വൈകീട്ട് മാറിയിരുന്നു. അതിനാൽ അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ തടസ്സങ്ങളില്ല. ഒഴിവുദിനങ്ങളിലെ കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ മലക്കപ്പാറ സർവിസ് പതിവുപോലെ നടക്കും. കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ തുറന്നതിനാൽ അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. തുമ്പൂർമുഴി ഗാർഡനിലും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലും വെള്ളം കയറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.