വറ്റാത്ത സംഭരണികൾ ജല ഉപഭോഗ പദ്ധതികൾ; കണ്ടെത്താനാകാതെ അധികൃതർ
text_fieldsമാള: ഭൂമി ഒന്നനങ്ങിയാൽ വൻ ജലബോംബായി മാറാൻ സാധ്യതയുളള ഒന്നിലധികം പാറമടകൾ. പാറക്കടവ്-അന്നമനട പഞ്ചായത്ത് അതിർത്തികളിലാണ് ഇവയുള്ളത്. ഈ കൂറ്റൻ സംഭരണികളിലെ ജലം ഉപയോഗപ്പെടുത്താൻ പദ്ധതികൾ കണ്ടെത്താൻ പഞ്ചായത്തിന് കഴിയുന്നില്ല. പാറമടകളിലെ ഈ ജലസംഭരണി ഉപയോഗപ്പെടുത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യാനാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ള പദ്ധതികൾ നിഷ് പ്രയാസം സ്ഥാപിക്കാമെന്നിരിക്കെ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ് മേഖല.
കടുത്ത വേനലിൽ പോലും വറ്റാത്ത ജലാശയങ്ങളാണ് പാറകുളങ്ങൾ. ഇവിടെ നിന്ന് പമ്പിങ് നടത്തി പ്രദേശത്തെ നിരവധി കാർഷികവൃത്തികൾക്ക് വെള്ളം നൽകാനാവും. ഇതുവഴി കാർഷിക അഭിവൃദ്ധി ലഭ്യമാകുമാവാനാവും. ഒപ്പം കുടിവെള്ള ക്ഷാമവും ഇല്ലാതാകും. ഇതിന് പാറമടകൾക്ക് സമീപം മോട്ടോർഷെഡ് സ്ഥാപിക്കേണ്ടതുണ്ട്.
പാറക്കുളത്തിന്റെ കരയിലും പമ്പിങ് കേന്ദ്രം നിർമിക്കണം. നേരത്തേ ഈ വഴി ചർച്ച നടന്നുവെങ്കിലും ഭരണം മാറിയ ശേഷം തുടർ നടപടികൾ മരവിച്ചതായി നാട്ടുകാർ പറയുന്നു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണ് പാറക്കടവ്,മാമ്പ്ര ഈസ്റ്റ് എന്നിവ. പധതി പുനർജനിക്കുമെന്ന പ്രതീക്ഷയും ഇല്ലാതാവുകയാണ്.
തെരഞ്ഞെടുപ്പിന് എത്തിയവർ ആദ്യം പറയുന്ന കാര്യം കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നാണ്. തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയവും കുടിവെള്ളക്ഷാമം തന്നെ. എല്ലാവര്ക്കും എല്ലാ ദിവസവും വെള്ളം ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയെങ്കിലും ലക്ഷ്യം നേടാന്‍ പക്ഷെ സാധിച്ചിട്ടില്ല. ജലസ്രോതസുകളിലെ വെള്ളം കുടിക്കാനും പാചകം ചെയ്യാനും കഴിയും വിധം ശുചീകരിക്കണം. നൂറുകണക്കിന് വീട്ടുകാർ കുടിവെള്ള ക്ഷാമം കൊണ്ട് ദുരിതത്തിലാണ്. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.