ചാലക്കുടി പുഴയിലെ ജലനിരപ്പ്; ചങ്കിടിപ്പേറി പുഴയോര മേഖല
text_fieldsമാള: പെരിങ്ങൽകുത്ത് ഡാം തുറക്കുകയും മഴ കനത്തു പെയ്യുകയും ചെയ്തതോടെ പുഴയോരവാസികളിൽ ചങ്കിടിപ്പേറുന്നു. നിരവധി വീടുകൾക്ക് സമീപം വെള്ളക്കെട്ട് ഉയർന്നു.
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പ്രദേശത്തെ നിരവധി വീടുകൾക്ക് സമീപം വെള്ളം ഒഴുകിയെത്തിയിട്ടുണ്ട്.
മഴ മാറാതെ നിന്നാൽ വെള്ളക്കെട്ട് ഉയരും. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് വെള്ളം കൂടുതലായി വിട്ടാൽ ചാലക്കുടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയരും. ഇങ്ങനെ വന്നാൽ നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവരും.
ചെത്തികോട് കൊല്ലശേരി രാജേഷിന്റെ വീട് വെള്ളക്കെട്ടിലായി. വയലാറിൽ ഒമ്പത് വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
വീട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. സ്കൂളാണ് ക്യാമ്പായി മാറ്റുക. അതേസമയം, സ്കൂളുകളിൽ കൂടുതൽ വീട്ടുകാരെ താമസിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ല. അന്നമനട, പാറക്കടവ്, കുഴൂർ, പുത്തൻവേലിക്കര, പൊയ്യ എന്നീ പുഴയോര പഞ്ചായത്തുകളാണ് കെടുതി നേരിടുന്നത്.
നൂറുകണക്കിന് വീടുകളാണ് പുഴയോര മേഖലയിലുള്ളത്. പ്രളയകാലത്ത് ഷെൽട്ടറുകൾ കാര്യക്ഷമമാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കുഴൂർ പഞ്ചായത്ത് തിരുമുക്കുളം, ആലമറ്റം, കള്ളിയാട്, വയലാർ, ചെത്തിക്കോട് തുടങ്ങി മേഖലകളിൽ വെള്ളക്കെട്ട് മൂലം ഗതാഗതം താറുമാറായി.
കെ.എസ്.ഇ.ബിയുടെ വിവിധ സെക്ഷനുകൾക്ക് കീഴിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ തകരാറിലായി. മരങ്ങളും തെങ്ങും വീണീട്ടുണ്ട്. ചില സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.