മുഖ്യമന്ത്രി ഇടപെട്ടു; റോഡിലെ വെള്ളക്കെട്ടിന് പരിഹാരം
text_fieldsവടക്കേക്കാട്: പഞ്ചായത്ത് ആറാം വാർഡ് ചക്കിത്തറ-കൊച്ചനൂർ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിെൻറ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വാർഡ് അംഗം സിന്ധു മനോജ് മുഖ്യമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് കലക്ടറുടെ നിർദേശപ്രകാരമാണ് അസി. എക്സി. എൻജിനീയർ അനീഷ്യയും ഓവർസിയർ സുചിത്രയും സ്ഥലത്തെത്തിയത്.
ചക്കിത്തറ പാലം മുതൽ 600 മീറ്റർ ദൂരം വെള്ളക്കെട്ട് ഒഴിവാക്കി റോഡ് പുനർനിർമാണത്തിന് ഉടൻ പദ്ധതി തയാറാക്കി ബ്ലോക്ക് വികസന ഓഫിസർക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നര കിലോമീറ്റർ റോഡിൽ പെരുന്തോടിനും പാടത്തിനുമിടയിലെ ഭാഗം വെള്ളക്കെട്ട് മൂലം തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് ദീർഘകാലമായി.
നാലു വർഷം മുമ്പ് ഉപതെരഞ്ഞെടുപ്പിൽ വാർഡ് അംഗമായത് മുതൽ ഇക്കാര്യം ഉന്നയിച്ചിട്ടും യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതി ചക്കിത്തറ-കൊച്ചനൂർ റോഡിനോട് ചിറ്റമ്മനയമാണ് കൈക്കൊണ്ടത്. വികസന പദ്ധതികളിൽപ്പെടുത്തി പുതുക്കിപ്പണിയാമെന്ന തീരുമാനം നിരന്തരം ലംഘിക്കപ്പെടുകയായിരുന്നു.
ഭരണകാലാവധി തീരുംമുമ്പെ റോഡിെൻറ ദുർഘടാവസ്ഥ പരിഹരിക്കണമെന്ന മോഹം കൊണ്ടാണ് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ചത്. ഒരാഴ്ചക്കകം തന്നെ നടപടിയുണ്ടായതിൽ അതിയായ സന്തോഷമുണ്ടെന്ന് സിന്ധു മനോജ് പറഞ്ഞു. കുന്നംകുളം നഗരസഭയുടേയും വടക്കേക്കാട് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളുടെയും അതിർത്തിയായ ചക്കിത്തറ പാലത്തിൽ തുടങ്ങുന്ന റോഡ് അഞ്ചാം വാർഡിലെ കൊച്ചനൂർ- മന്ദലാംകുന്ന് ബീച്ച് റോഡിലാണ് ചേരുന്നത്. ചക്കിത്തറ-അഞ്ഞൂർ റോഡും പുതുക്കിപ്പണിതാൽ ഗുരുവായൂരിലേക്കുള്ള എളുപ്പവഴിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.