വെണ്ടരപാടം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം; കൃഷികൾ കരിഞ്ഞുണങ്ങുന്നു
text_fieldsകിഴുപ്പിള്ളിക്കര: വെണ്ടരപാടം കനാലിൽനിന്ന് വെള്ളം മോട്ടോർ ഉപയോഗിച്ച് അടിക്കാത്തതിനാൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കൃഷികൾ കരിഞ്ഞുണങ്ങുന്നു. കൊയ്ത്ത് കഴിഞ്ഞാൽ വെള്ളം പാടശേഖരത്തേക്ക് കടത്തിവിടാറുള്ളതാണ്. എന്നാൽ ഇത്തവണ കൊയ്ത്ത് കഴിഞ്ഞെങ്കിലും കനാലിലെ വെള്ളം പമ്പിങ് ചെയ്തില്ല. ഇതുമൂലം മേഖലയിലെ കിണറുകൾ ഏറെയും വറ്റിവരണ്ടു. പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും വെള്ളമില്ലാത്ത അവസ്ഥയായി. താന്ന്യം, ചാഴൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശത്താണ് കുടിവെള്ളക്ഷാമം. പാടശേഖരം വരണ്ടുണങ്ങി.
മുൻവർഷങ്ങളിൽ പമ്പിങ് ചെയ്യുന്നതോടെ കരുവാംകുളം, ഓടക്കുളം എന്നിവ കടുത്തവേനലിലും നിറഞ്ഞൊഴുകും. ഇതോടെ പരിസരപ്രദേശത്തെ കിണറുകളിൽ വെള്ളമുണ്ടായിരിക്കും. ജലസ്ത്രോതസ്സുകൾക്ക് ഒരുകുഴപ്പമുണ്ടാകില്ല. എന്നാൽ ഇത്തവണ തിരുത്തേക്കാട് പുതിയപാലം നിർമാണം നടന്നുവരുന്നുണ്ട്. ഇതിന്റെ പേരിലാണ് വെള്ളം അടിക്കാതിരിക്കുന്നതെന്നാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നത്. ഇനിയും ജലക്ഷാമം രൂക്ഷമായാൽ ബണ്ട് തുറന്നുവിടുമെന്നും സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ജില്ല കലക്ടറും താന്ന്യം പഞ്ചായത്തും ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.