ജില്ലക്ക് ദാഹിക്കുന്നു
text_fieldsതൃശൂർ: വേനൽ കനക്കുമ്പോൾ ജില്ലക്ക് ജലാവശ്യം ഏറുകയാണ്. ഉപഭോഗത്തിന് അനുസരിച്ച് ഉൽപാദനം കൂടാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൃശൂർ, ഇരിങ്ങാലക്കുട ഡിവിഷനുകളിലായി വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് ജൽജീവൻ മിഷനിലൂടെയാണ് ജലവിതരണം നടക്കുന്നത്. തൃശൂർ ഡിവിഷനിൽ 126 ദശലക്ഷം ലിറ്റർ ജലമാണ് പ്രതിദിനം വേണ്ടത്.
എന്നാൽ 102 ദശലക്ഷം ലിറ്റർ ജലമാണ് വിതരണം ചെയ്യുന്നത്. 24 ദശലക്ഷം ലിറ്റർ ജലത്തിന്റെ അഭാവമാണ് കോർപറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിലുള്ളത്. പീച്ചി കുടിവെള്ള പദ്ധതി, കുന്നംകുളം - ഗുരുവായൂർ പദ്ധതി, പാവറട്ടി പദ്ധതി, ചെറുതുരുത്തി - നെടുപുരം അടക്കം പദ്ധതികളിൽ നിന്നാണ് വിതരണം നടത്തുന്നത്. 2024 ഓടെ തൃശൂർ ഡിവിഷന്റെ ജലക്ഷാമം തീർക്കാനാവശ്യമായ പദ്ധതികളുടെ നിർമാണം പൂർത്തിയാവുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇരിങ്ങാലക്കുട ഡിവിഷനിൽ വാടാനപ്പള്ളി മേഖല, ചാവക്കാട് തീരമേഖല എന്നിവയടക്കം ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളുമുണ്ട്. നാട്ടിക ഫർക്കയിലെ പദ്ധതി വർഷങ്ങളായി തുടരുകയാണ്. ദേശീയപാത വികസനം കൂടി വന്നതോടെ ഏതാണ്ട് പണി നിലച്ച രീതിയിലാണ്. പാത വികസനത്തിനൊപ്പം ഇത് പുരോഗമിക്കുമെന്നാണ് അറിയുന്നത്. പഞ്ചായത്തുകൾ എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾക്ക് പിന്നാലെയാണ്. അതേസമയം വർഷം ഏറെ കഴിഞ്ഞിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന പരമ്പരാഗത ജലസ്രോതസ്സുകളിൽ അധികവും മലിനമാണ്. ഇ - കോളിൻ, അമിത ഇരുമ്പ് അടക്കം വിവിധ കാരണങ്ങളാൽ അവ ഉപയോഗശൂന്യമാണ്. അതുകൊണ്ട് തന്നെ നിലവിലെ പദ്ധതിക്ക് ഗതിവേഗം വേണ്ടതുണ്ട്.
വ്യക്തിക്ക് അവശ്യമായ ജലം ലഭ്യമല്ല
തൃശൂർ: ഒരു വ്യക്തിയുടെ പ്രതിദിന ഉപഭോഗത്തിന് ആവശ്യമായ ജലം നൽകാനാവുന്നില്ല. ഗ്രാമീണ മേഖലയിൽ ശരാശരി 100 ലിറ്റർ ജലമാണ് നൽകേണ്ടത്. നഗരമേഖലയിൽ ഇത് 150 ലിറ്ററുമാണ്. നഗരത്തിൽ ജലസ്രോതസ്സുകളുടെ അഭാവമാണ് 50 ലിറ്റർ കൂടുതൽ നിശ്ചയിക്കാൻ കാരണം. അതേസമയം ജില്ലയിൽ 55 മുതൽ 80 ലിറ്റർ വരെ ജലമാണ് ഒരാൾക്ക് നൽകാനാവുന്നത്. അതുതന്നെ ചിലയിടങ്ങളിൽ കുറയുന്നുണ്ട്. വേനൽകാലത്ത് ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ഉൽപാദനം കൂടാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
വേണം, ജലസാക്ഷരത
കനക്കുന്ന വേനലിൽ ജലക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തിൽ ജല സാക്ഷരത അനിവാര്യമാണ്. കുടിവെള്ളം ചെടി നനക്കാൻ ഉപയോഗിക്കുന്നവരും വാഹനം കഴുകാൻ ചെലവിടുന്നവരും ഏറുകയാണ്. ശുദ്ധീകരിച്ച വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും അലക്കാനുമൊക്കെ ഉപയോഗിക്കുന്നതിന് പകരം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാവും. അതോടൊപ്പം ജലമോഷണം നടത്തുവർക്ക് എതിരെയും പിഴ അടക്കം ശിക്ഷയാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന ജില്ലയിൽ തുടങ്ങിയിട്ടുണ്ട്. ഒപ്പം പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളും നടക്കുന്നുണ്ട്. തീരമേഖലയിൽ ഒരുഭാഗത്ത് വെള്ളം കിട്ടാതെ ജനം വലയുമ്പോഴാണ് ജല ദുരുപയോഗം അരങ്ങേറുന്നത്.
ചോർച്ച തടയാൻ നടപടി
വിവിധ പദ്ധതികളിലുള്ള ജല ചോർച്ച തടയുന്നതിനും നടപടി സ്വീകരിച്ചു തുടങ്ങി. പൈപ്പ് വിന്യാസത്തിലും വിവിധ മേഖലകളിലുമുള്ള വെള്ളം പാഴാവുന്നത് തടയുന്നതിനാണ് നടപടി.
പഴയ പൈപ്പുകൾ മാറ്റുന്നതിനൊപ്പം ജല വിതരണത്തിലെ വിവിധ ഘട്ടങ്ങളിലെ പാഴാവുന്ന ജലത്തിന്റെ അളവും കുറക്കാൻ നടപടി സ്വീകരിക്കാനാണ് നിർദേശം. വിവിധ പഞ്ചായത്തുകളിലേക്കും ഇതര തദ്ദേശ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിന് വിവിധ ജല പദ്ധതി വാൾവുകളുടെ അറ്റകുറ്റപ്പണിക്ക് നിർദേശം നൽകിയതായി വാട്ടർ അതോററ്റി സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു വ്യക്തമാക്കി.
രണ്ടു ഡിവിഷനുകളിലും പ്രശ്നം സങ്കീർണമാക്കാതെ ജല വിതരണം നടത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലെ ജലപ്രതിസന്ധി പരിഹാരത്തിന് കൂടുതൽ ജലം വിതരണം ചെയ്യാൻ നിലവിൽ ഉള്ളതിൽ കൂടുതൽ വെൻഡിങ് പോയന്റുകൾ ഒരുക്കും. കൂടുതൽ ജലത്തിനായി ടാങ്കറുകൾ എത്തുന്ന പ്ലാന്റുകളിലാണ് ഇത്തരത്തിൽ കൂടുതൽ പോയിന്റുകൾ സംവിധാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.