കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ച് ദിവസം
text_fieldsചെന്ത്രാപ്പിന്നി: നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് അഞ്ച് ദിവസം. കനത്ത മഴയെ തുടർന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയാതെ അധികൃതർ. എടത്തിരുത്തി ഏറാക്കലിലാണ് നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ടുള്ളത്.
തീരദേശത്തെ പത്തു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതോടെ നിശ്ചലമായത്. ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് എടത്തിരുത്തിയിലെ ഏറാക്കൽ പ്രദേശം. പ്രതികൂല കാലാവസ്ഥയിൽ കുഴിയെടുത്ത് പൈപ്പ് നന്നാക്കാൻ ബുദ്ധിമുട്ടായതിനാലും മണ്ണിടിച്ചിൽ ഭീതി ഉള്ളതിനാലും കുടിവെള്ള വിതരണം പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് ജല അതോറിറ്റി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അതേ സമയം എല്ലാ മുൻകരുതലുകളും എടുത്തുതന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ ആവശ്യപ്പെട്ടു.
തുടർന്ന് മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കുടിവെള്ളം എത്തിക്കാനുള്ള അതീവ പരിശ്രമത്തിലാണ് ജല അതോറിറ്റി അധികൃതർ. ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി പോൾ, നാട്ടിക അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിറ്റി ജോർജ്, എ.ഇ. സുധീർ, മതിലകം അസിസ്റ്റന്റ് എൻജിനീയർ ഐഡ മോസസ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം പുനരാരംഭിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നത്. ഇ.ടി. ടൈസൺ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. നിഖിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.