വീടുകൾക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് ദുരിതമാകുന്നു
text_fieldsവെള്ളാങ്ങല്ലൂർ: പഞ്ചായത്ത് വാർഡ് 11 കടലായി, എസ്.സി കോളനി റോഡ്, എട്ടാം വാർഡ് പാലപ്രകുന്ന് റോഡ്, അന്നിക്കര പ്രദേശങ്ങളിൽ വീടുകൾക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് ദുരിതമാകുന്നു. വെള്ളം കെട്ടിനിൽക്കുന്നതുമൂലം പുല്ല് ചീഞ്ഞ് വീടുകളിലേക്ക് ദുർഗന്ധമെത്തുന്നുണ്ട്. പ്രശ്നത്തിന് പരിഹാര നടപടി സ്വീകരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
തെക്കുംകര കാപ്പ് ബണ്ട് ഭദ്രമായി കെട്ടിസംരക്ഷിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. മാറിവരുന്ന ഭരണസമിതികൾ ബണ്ട് ഭദ്രമായി കെട്ടിസംരക്ഷിക്കാത്തത് ചൂണ്ടിക്കാട്ടി കടലായി പ്രദേശത്തെ ശുദ്ധജല സംരക്ഷണസമിതി പ്രവർത്തകർ 2012ല്‍ ഇരിങ്ങാലക്കുട സബ് കോടതിയിൽ പരാതി നൽകിയിരുന്നു.
കോടതി നിരീക്ഷണത്തിൽ പ്രദേശത്തെ കിണറുകളിലെ വെള്ളം സർക്കാർ ലാബിൽ പരിശോധിച്ചതിൽ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ മാലിന്യത്തിന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. മഴ അവസാനിക്കുന്ന തുലാം 10 മുതൽ ജൂൺ ആരംഭം വരെ ബണ്ട് ഭദ്രമായി കെട്ടി സംരക്ഷിക്കണമെന്ന് 2015ൽ സബ് കോടതി ഉത്തരവിട്ടിരുന്നു.
ഭരണസമിതി കെടുകാര്യസ്ഥത മൂലം യഥാവിധി ബണ്ട് കെട്ടാതിരുന്ന സാഹചര്യത്തിൽ വെള്ളാങ്ങലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണസമിതി തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനും ഹൈേകാടതിക്കും നൽകിയ പരാതികൾ തീർപ്പാക്കി സെപ്റ്റംബർ 21ന് തെക്കുംകര കാപ്പ് ബണ്ട് ഭദ്രമായി കെട്ടിസംരക്ഷിക്കാൻ ഉത്തരവ് ഉണ്ട്.
കൂടാതെ നിരീക്ഷണത്തിന് പ്രദേശവാസികളെ ഉൾപ്പെടുത്തി ഗുണഭോക്തൃ കമ്മിറ്റി രൂപവത്കരിക്കാനും പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഓംബുഡ്സ്മാൻ ഉത്തരവ് വകവെക്കാതെ ബണ്ട് നിർമാണം നടത്തിയെന്ന് തോന്നിപ്പിക്കുംവിധമാണ് പണി നടത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ആരോപിച്ചു.
ഇതുകാരണമാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. എം.കെ. അഹമ്മദ് ഫസലുല്ല, സി.എസ്. ഇബ്രാഹിംകുട്ടി, സി.എസ്. ഇബ്രാഹിം, ടി.എം. മുഹമ്മദ്, എം.കെ. മനാഫ്, ടി.എ. മനാഫ്, പി.കെ.എം. അഷറഫ്, കെ.എ. മുഹമ്മദ് കുഞ്ഞി, സന്തോഷ് സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.