കിഴുപ്പിള്ളിക്കര ത്രിവേണിയിൽ മുഴുവൻ ഷട്ടറുകളും തുറന്നില്ല; നിരവധി വീടുകൾ വെള്ളത്തിൽ
text_fieldsകിഴുപ്പിള്ളിക്കര: കനത്ത മഴയിൽ വെള്ളം ഉയർന്നിട്ടും കിഴുപ്പിള്ളിക്കര ത്രിവേണിയിലെ ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാത്തതിനാൽ ചാഴൂർ, തിരുത്തേക്കാട്, കാരുവാംകുളം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകൾ വെള്ളത്തിലായി. വിവിധ ഇടങ്ങളിൽനിന്ന് വെള്ളം ഒഴുകി വന്നിട്ടും എട്ട് ഷട്ടറുള്ള ബണ്ടിന്റെ മൂന്നു ഷട്ടറുകൾ മാത്രമാണ് തുറന്നുവിട്ടത്.
ചണ്ടിയും കുളവാഴയും മാലിന്യവും നിറഞ്ഞതോടെ വെള്ളത്തിന്റെ മൂന്ന് ഷട്ടറുകൾ വഴിയുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണ് മേഖലയിൽ കടുത്ത വെള്ളക്കെട്ടിന് കാരണമായത്. പ്രദേശം വെള്ളത്തിലായതോടെ നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൂന്നെണ്ണം ഒഴിച്ച് മറ്റ് ഷട്ടറുകൾ തുറക്കാത്ത നിലയിൽ കണ്ടെത്തിയത്. ചണ്ടിയും കുളവാഴയും അടിഞ്ഞുകൂടിയതോടെ വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടതായും കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ കൺട്രോൾ റൂമിലും മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറെയും വിവരം അറിയിക്കുകയായിരുന്നു. മഴ ഇനിയും തുടർന്നാൽ പ്രദേശത്തെ നിരവധി വീടുകൾ അപകടത്തിലാകും. അതിനാൽ ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.